X

‘റാഫേലില്‍ ഒപ്പിടുന്ന വിവരം മോദി അംബാനിയെ അറിയിച്ചു’; തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഫ്രഞ്ച് സര്‍ക്കാരില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള റഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. റാഫേല്‍ കരാറില്‍ ഇന്ത്യയും ഫ്രഞ്ച് സര്‍ക്കാരും ഒപ്പിടുമെന്ന് 10 ദിവസം മുമ്പ് അനില്‍ അംബാനി എങ്ങനെ അറിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. പ്രതിരോധമന്ത്രിക്കോ, പ്രതിരോധ സെക്രട്ടറിക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അറിയാത്ത കാര്യം എങ്ങനെ അംബാനി അറിഞ്ഞു. രാജ്യ സുരക്ഷയെ അവഗണിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അംബാനിയോട് വെളിപ്പെടുത്തിയത്. ഇടപാടിന് മുമ്പ് അംബാനി ഫ്രഞ്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇക്കാര്യം വെളിപ്പെടുത്തുന്ന ഇമെയിലും രാഹുല്‍ പുറത്തുവിട്ടു. റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രഞ്ച് സര്‍ക്കാരുമായി ഇത്തരത്തിലൊരു കരാര്‍ ഒപ്പിടുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. പ്രതിരോധ മന്ത്രിക്കോ പ്രതിരോധ സെക്രട്ടറിക്കോ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ഇതേ സംബന്ധിച്ച് വിവരമുണ്ടായിരുന്നില്ല. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിന് 10 ദിവസം മുമ്പ് രൂപീകരിച്ച കമ്പനിയിലൂടെ അനില്‍ അംബാനി റാഫേല്‍ കരാര്‍ നേടിയെടുത്തു. അഴിമതിക്കപ്പുറം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണിത്. വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി ദേശീയ സുരക്ഷ അവതാളത്തിലാക്കിയ മോദിക്കെതിരെ കേസെടുക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ മോദി തന്നെയാണ് ചോര്‍ത്തിയത്. അംബാനിയുടെ ഇടനിലക്കാരനായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ ഇരിക്കുന്ന സി.എ.ജി റിപ്പോര്‍ട്ടിനെയും രാഹുല്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇത് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട് അല്ലെന്നും ചൗക്കീദാര്‍ ഓഡിറ്റ് റിപ്പോര്‍ട്ടാണെന്നും രാഹുല്‍ വിമര്‍ശിച്ചു. റാഫേല്‍ കരാറില്‍ ഭാഗമായിരുന്ന ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സി.എ.ജി റിപ്പോര്‍ട്ടായി സമര്‍പ്പിക്കുന്നത്. ഇത് നരേന്ദ്ര മോദിക്ക് വേണ്ടി തയ്യാറാക്കുന്ന റിപ്പോര്‍ട്ടാണെന്ന് വ്യക്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: