X

‘മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് എല്ലാം കാണാതാകുകയാണ്, മോദിക്കെതിരെ അന്വേഷണം വേണം’; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇടപാടില്‍ പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയത് എന്തിനാണെന്നും രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

അനില്‍ അംബാനിക്ക് വേണ്ടിയാണ് ഇടപാട് പ്രധാനമന്ത്രി വൈകിപ്പിച്ചത്. റഫാലില്‍ പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം വേണം. ഇടപാടില്‍ കുറ്റക്കാരനല്ലെങ്കില്‍ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടാത്തതെന്തെന്നും രാഹുല്‍ ചോദിച്ചു. സമാന്തര ചര്‍ച്ചയെക്കുറിച്ചും അന്വേഷണ വിധേയമാക്കണം. മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് എല്ലാം കാണാതാകുകയാണ്. കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലും കാണാതായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റഫാല്‍ ഇടപാടിലെ രേഖകള്‍ കാണാതാകുന്നതിന് പിന്നില്‍ മോദിയെ രക്ഷിക്കാനുള്ള ശ്രമമാണെന്നും രാഹുല്‍ ആരോപിച്ചു. റഫാല്‍ ഇടപാടിലെ കള്ളക്കളി പുറത്തുകൊണ്ടുവന്നവരെയാണ് ഇപ്പോള്‍ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്നത്. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. റഫാലില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ആരോപണം കോടതിയില്‍ ഉന്നയിച്ചത്.

ദ് ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.

chandrika: