X

‘ഷി ജിന്‍പിങിനെ ഊഞ്ഞാലാട്ടുന്നതാണ് മോദിയുടെ നയതന്ത്രം’, മോദിക്ക് ചൈനയെ പേടിയെന്ന് രാഹുല്‍ഗാന്ധി

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവമിര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിക്ക് ചൈനയെ പേടിയാണെന്ന് നരേന്ദ്രമോദിക്ക് ചൈനയെ ഭയമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം ചൈന തടഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎന്നിലെ ചൈനയുടെ നടപടിക്കെതിരെ മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ഗാന്ധി ചോദിച്ചു.

വിദേശനയം തികഞ്ഞ പരാജയമാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ മോദിക്ക് ഭയമാണ്. മസൂദ് അസര്‍ വിഷയത്തില്‍ ചൈന തുടര്‍ച്ചയായി ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം മിണ്ടുന്നില്ല. ഷി ജിന്‍പിങിനെ നമസ്‌കരിക്കുന്നതും ഊഞ്ഞാലാട്ടുന്നതുമാണ് മോദിയുടെ നയതന്ത്രമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ഇന്നലെയും ചൈന എതിര്‍ത്തു. ഇതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

തമിഴ്‌നാട്ടിലെ ഒരു സര്‍ക്കാറിനെയും ഡല്‍ഹിയില്‍ നിന്ന് നിയന്ത്രിക്കുന്ന അവസ്ഥ മുമ്പുണ്ടായിട്ടില്ല. ഭീഷണിപ്പെടുത്തി ഇന്ത്യയിലെ ഏതൊരു സ്ഥാപനവും പിടിച്ചെടുക്കാമെന്നും ഏതൊരു സംസ്ഥാനത്തേയും വരുതിയിലാക്കാമെന്നുമാണ് മോദി കരുതുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

താന്‍ കാവല്‍ക്കാരനാണെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ ഇതേ കാവല്‍ക്കാരനാണ് രാജ്യത്തിന്റെ 30,000 കോടി ചോര്‍ത്തി അംബാനിക്ക് നല്‍കിയത്. മോദി നിലനില്‍ക്കുന്നത് നുണകള്‍ കൊണ്ടാണ്. എന്നാല്‍ സത്യങ്ങള്‍ അദ്ദേഹത്തെ ജയിലിലെത്തിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് തൃശൂരിലെ പരിപാടിക്കുശേഷം രാഹുല്‍ കാസര്‍കോഡ് പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടും സന്ദര്‍ശിക്കും. വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പരിപാടിയിലും പങ്കെടുക്കും.

chandrika: