X

ലോക്‌സഭ തെരഞ്ഞെടുപ്പ്: സ്വാധീനിക്കുക മൂന്ന് വിഷയങ്ങളെന്ന് രാഹുല്‍ ഗാന്ധി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദി രാജ്യത്തെ വിഭജിച്ചുവെന്ന് കണ്ണൂരില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. എറ്റവും വലിയ രാജ്യദ്രോഹം രാജ്യത്തെ വിഭജിക്കലാണെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് വിഷയങ്ങളാണ് നമുക്ക് മുന്നിലുള്ളത്. സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ് എന്നിവ തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്ന് രാഹുല്‍ പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ സാമ്പത്തിക ഘടനയെ തകിടം മറിച്ച ബിജെപിയാണ് ദേശവിരുദ്ധര്‍. അംബാനിക്ക് 30000 കോടി നല്‍കിയതും തൊഴില്‍ രഹിതര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചിരിക്കുന്നതുമാണ് ദേശവിരുദ്ധതയെന്ന് രാഹുല്‍ പറഞ്ഞു.

നരേന്ദ്രമോദിക്ക് ഇതൊന്നും മനസിലാവില്ലെന്നും മോദിയുടെ ‘അനില്‍ ഭായ്’ ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യതയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. റഫാലില്‍ കോടതി അലക്ഷ്യ കേസില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ മറുപടി പറഞ്ഞു.

chandrika: