ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണരംഗത്തെ നേട്ടം സ്വന്തം പേരിലാക്കാന്‍ നാടകം കളിച്ച മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിമാനകരമായ നേട്ടത്തിന് ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച രാഹുല്‍ മോദിക്ക് നാടകദിനാശംസകള്‍ നേരുന്നതായും ട്വീറ്റ് ചെയ്തു.
ബഹിരാകാശ ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള മിസൈല്‍ ശക്തി ഇന്ത്യ സ്വന്തമാക്കിയെന്നാണ് പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ പ്രഖ്യാപനത്തില്‍ അറിയിച്ചത്. ശാസ്ത്രജ്ഞരുടെ നേട്ടം സ്വന്തം നേട്ടമായി ഉയര്‍ത്തിക്കാണിക്കാനായിരുന്നു മോദിയുടെ ശ്രമം. ഇന്ന് രാവിലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പോകുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തത്. നോട്ട് നിരോധനം മോദി നടപ്പാക്കിയത് ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ ആയിരുന്നതിനാല്‍ രാജ്യം ആശങ്കയിലായിരുന്നു. മോദിയുടെ പ്രസംഗത്തിന് ശേഷം ജനങ്ങള്‍ വലിയ ആശ്വാസത്തിലാണ്.
അതേസമയം 2012ല്‍ യു.പി.എ സര്‍ക്കാര്‍ തുടക്കം കുറിച്ച പദ്ധതിയാണ് മോദി സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. 2012ല്‍ ഇന്ത്യ ഉപഗ്രഹവേധ മിസൈലുകള്‍ നിര്‍മിക്കാനായി പരീക്ഷണങ്ങള്‍ ആരംഭിക്കുകയും അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം എന്‍.ഡി.എ സര്‍ക്കാറിന്റെ നേട്ടമാണെന്ന രീതിയിലാണ് മോദിയുടെ അവതരണം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ മോദി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് ചട്ട ലംഘനമാണെന്നും ആരോപണമുണ്ട്.