X
    Categories: CultureMoreNewsViews

‘മണ്ടന്‍ ചിന്ത’ നടപ്പാക്കുന്നതില്‍ സന്തോഷം: മോദിയെ ട്രോളി രാഹുല്‍

ന്യൂഡല്‍ഹി: ജി.എസ്.ടി. നടപ്പാക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ ആനമണ്ടന്‍ ചിന്തയെന്ന് പരിഹസിച്ച നരേന്ദ്ര മോദി ഒടുവില്‍ അത് നടപ്പാക്കാനൊരുങ്ങുമ്പോള്‍ സ്വാഗതം ചെയ്യുകയാണ് രാഹുല്‍. ഒരിക്കലും നടക്കാതെ പോവുന്നതിനേക്കാള്‍ നല്ലതാണ് വൈകിയെങ്കിലും നടപ്പാക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

നിത്യോപയോഗസാധനങ്ങളുള്‍പ്പെടെ 99% സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പഴയ കാര്യം ഓര്‍മ്മപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. ഗബ്ബര്‍ സിങ് ടാക്‌സിന്റെ ഗാഢനിദ്രയില്‍നിന്ന് കോണ്‍ഗ്രസിന് ഒടുവില്‍ മോദിയെ ഉണര്‍ത്താനായി. ഉറക്കം തൂങ്ങുകയാണെങ്കിലും പണ്ട് ആക്ഷേപിച്ച കോണ്‍ഗ്രസിന്റെ ‘മണ്ടന്‍ചിന്ത’ ഇപ്പോഴെങ്കിലും അദ്ദേഹം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. വൈകിയാണെങ്കിലും നടപ്പാക്കാതെ പോയില്ല നരേന്ദ്രജി’ -രാഹുല്‍ ട്വീറ്റ് ചെയ്തതു.

ശനിയാഴ്ച നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായാണ് രാഹുലിന്റെ ട്വീറ്റ്. പുതിയ ജി.എസ്.ടി പരിഷ്‌കാരത്തെ ഗബ്ബര്‍സിങ് ടാക്സെന്ന് പരിഹസിച്ച രാഹുലിനെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ മോദി കണക്കറ്റ് വിമര്‍ശിച്ചിരുന്നു.
അധികാരത്തില്‍ വന്നാല്‍ 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുമെന്നായിരുന്നു അന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടത്. എന്നാല്‍ 99% ശതമാനം ഉത്പന്നങ്ങളുടെയും ടാക്സ് 18%ത്തില്‍ താഴെയാക്കുമെന്ന് അവര്‍ പറയുന്നത് ഏറ്റവും വലിയ മണ്ടന്‍ ചിന്തയെന്നുമായിരുന്നു മോദിയുടെ പരിഹാസം. മാത്രമല്ല സമര്‍ത്ഥരെന്ന് സ്വയം വിശേഷിപ്പിക്കുന്ന പുതിയ സാമ്പത്തിക വിദഗ്ധര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി വിമര്‍ശിച്ചു.

എന്നാല്‍ അന്ന് മോദി പരിഹസിച്ച ആ മണ്ടന്‍ തീരുമാനം ഇന്ന് നടപ്പാക്കാനൊരുങ്ങുന്നതിനെയാണ് രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിച്ചത്. ചില ഉല്‍പ്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറക്കുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: