ന്യൂഡല്‍ഹി: പ്രധാനമന്ത്രി വിചാരിക്കുന്നത് പോലെ സൈന്യം അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈന്യം രാജ്യത്തിന്റെ സ്വത്താണ്. യു.പി.എ ഭരണകാലത്ത് മിന്നലാക്രമണങ്ങള്‍ നടത്തിയത് വീഡിയോ ഗെയിമിലായിരിക്കും എന്ന് മോദി പറയുമ്പോള്‍ അദ്ദേഹം അപമാനിക്കുന്നത് സൈന്യത്തെയാണ്- രാഹുല്‍ പറഞ്ഞു.
രാജ്യത്തെ നിലവിലെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലാ്മയാണ്. പ്രധാനമന്ത്രി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലുകള്‍ നല്‍കുമെന്ന് രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. അത് എവിടയെന്ന് രാജ്യം പ്രധാനമന്ത്രിയോട് ചോദിക്കുകയാണ്. തൊഴിലുകളെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് ഈ മൗനമെന്നും രാഹുല്‍ പറഞ്ഞു.
സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാമര്‍ശം നടത്തിയതിന് മാപ്പ് പറഞ്ഞിരുന്നു. ബി ജെ പിയോടോ മോദിയോടോ മാപ്പ് പറഞ്ഞിട്ടില്ല. കാവല്‍ക്കാരന്‍ കള്ളനാണെന്ന(ചൗക്കീദാര്‍ ചോര്‍ ഹേ)ത് കോണ്‍ഗ്രസിന്റെ പ്രചാരണായുധമായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
ആഗോള ഭീകരന്‍ മസൂദ് അസറിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. എന്നാല്‍ ആരാണ് അസറിനെ പാകിസ്താനിലേക്ക് തിരിച്ചയച്ചത്? ആരാണ് ഭീകരവാദത്തിനു മുന്നില്‍ മുട്ടുമടക്കിയതും അസറിനെ വിട്ടയച്ചതും. കോണ്‍ഗ്രസ് ആയിരുന്നില്ല ബി ജെ പി സര്‍ക്കാരായിരുന്നു അങ്ങനെ ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.