ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തുറന്നകത്ത്. കഴിഞ്ഞ ദിവസം പരീക്കര്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പരീക്കര്‍ രാഹുലിനെഴുതിയ കത്തില്‍ സന്ദര്‍ശനം രാഹുല്‍ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു.
സന്ദര്‍ശനം രാഹുല്‍ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു. റാഫേല്‍ ഇടപാടിനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇടപാടിനെ കുറിച്ച് ഞങ്ങളൊന്നും സംസാരിച്ചില്ലെന്നായിരുന്നു പരീക്കര്‍ പറഞ്ഞത്. എന്നാല്‍ നിലവില്‍ ജനങ്ങള്‍ക്ക് അറിയുന്ന കാര്യങ്ങള്‍ മാത്രമാണ് താന്‍ കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ പറഞ്ഞതെന്നും സൗഖ്യം നേരാന്‍ മാത്രമാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്നും രാഹുല്‍ പറഞ്ഞു. സാമൂഹ്യമാധ്യമത്തിലെഴുതിയ തുറന്നകത്തിലാണ് രാഹുലിന്റെ മറുപടി.
‘നിങ്ങള്‍ എനിക്കൊരു കത്ത് എഴുതി എന്ന് അറിഞ്ഞതില്‍ ഞാന്‍ നിരാശനാണ്. പക്ഷേ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കും മുമ്പ് എനിക്ക് വായിക്കാന്‍ അവസരം നല്‍കണമായിരുന്നു. ആത്മാര്‍ത്ഥമായാണ് അസുഖബാധിതനായ നിങ്ങളെ ഞാന്‍ സന്ദര്‍ശിച്ചത്. അമേരിക്കയില്‍ നിങ്ങള്‍ ചിക്തിസയില്‍ കഴിയുമ്പോള്‍ ഞാന്‍ വിളിച്ചത് ഓര്‍ത്താല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകും,’ രാഹുല്‍ പറഞ്ഞു.
‘ജനങ്ങളാല്‍ തിരഞ്ഞെടുത്ത പ്രതിനിധി ആണ് ഞാന്‍. അത് കൊണ്ട് തന്നെ റഫേലില്‍ പ്രധാനമന്ത്രി നടത്തിയെ അഴിമതിക്കെതിരെ എനിക്ക് ശബ്ദം ഉയര്‍ത്തണം. നിങ്ങളെ ഇന്നലെ കണ്ടപ്പോഴുളള വിവരങ്ങളൊന്നും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. നിങ്ങളെ കണ്ടതിന് ശേഷം ഞാന്‍ രണ്ട് പ്രസംഗങ്ങളാണ് നടത്തിയത്. ഈ രണ്ട് പ്രസംഗങ്ങളിലും ഇപ്പോള്‍ പൊതുസമൂഹത്തിന് അറിവുളള കാര്യങ്ങളാണ് സംസാരിച്ചത്. 2015 ഏപ്രിലില്‍ മോദി ഫ്രാന്‍സില്‍ റഫേല്‍ ഇടപാട് പ്രഖ്യാപിക്കുമ്പോള്‍ നിങ്ങള്‍ ഗോവയില്‍ ഒരു മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നത് വസ്തുതയാണ്. പ്രധാനമന്ത്രി നടത്തിയ പുതിയ ഇടപാടില്‍ താന്‍ പങ്കാളിയായിരുന്നില്ലെന്ന് നേരത്തേ താങ്കള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുമുണ്ട്. എല്ലാ മാധ്യമങ്ങളിലും അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
‘എന്നെ ആക്രമിച്ച് പ്രധാനമന്ത്രിയോടും കൂട്ടാളികളോടും കൂറുളളവനാണെന്ന് കാണിക്കേണ്ട അങ്ങയുടെ സമ്മര്‍ദ്ധം എനിക്ക് മനസ്സിലാകും. ഇത്തരം കാര്യങ്ങളോട് ഞാന്‍ പ്രതികരിക്കാറില്ല. പക്ഷെ നിങ്ങളുടെ ലീക്ക് ചെയ്ത കത്താണ് എന്ന കൊണ്ട് ഇത് പറയിച്ചത്. നിങ്ങളോട് ഇന്നലെ ആശംസിച്ചത് പോലെ തന്നെ സൗഖ്യം നേരുന്നു,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി പരീക്കറിനെ സന്ദര്‍ശിച്ചത്. ‘പുതിയ റഫേല്‍ ഇടപാടില്‍’തനിക്ക് പങ്കില്ലെന്ന് പരീക്കര്‍ പറഞ്ഞതായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. ഇത് നിഷേധിച്ചായിരുന്നു നേരത്തേ പരീക്കര്‍ രംഗത്തെത്തിയത്.