ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിരോധമന്ത്രിയെ റാഫേല്‍ മന്ത്രിയെന്ന് ആക്ഷേപിച്ചായിരുന്നു നിര്‍മല സീതാരാമനെതിരെ രാഹുല്‍ഗാന്ധി ആഞ്ഞടിച്ചത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
റാഫേല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ കഴിയുമായിരുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) മുന്‍ മേധാവി ടി.എസ് രാജുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. നേരത്തെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. രാജുവിന്റെ വെളിപ്പെടുത്തലോടെ പ്രതിരോധമന്ത്രി കളവ് പറയുകയായിരുന്നുവെന്ന് തെളിഞ്ഞതായി രാഹുല്‍ഗാന്ധി ആരോപിച്ചു.
സ്വയം ന്യായീകരിക്കാനാവാത്ത അവസ്ഥയിലാണ് മന്ത്രിയെന്നും അവര്‍ ഉടന്‍ രാജിവെക്കണമെന്നും രാഹുല്‍ പറഞ്ഞു.
2016ലാണ് മോദി സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാറുമായി നേരിട്ട് വിമാനം വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടത്. 58000 കോടി രൂപക്ക് 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. എന്നാല്‍ നേരത്തയുണ്ടായ കരാറില്‍ നിന്ന് വെട്ടികുറച്ച് 36 വിമാനങ്ങളാക്കി ചുരുക്കുന്നത് രാജ്യസുരക്ഷ അവതാളത്തിലാക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്.