X
    Categories: indiaNews

‘നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കില്ലെന്നാണോ’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: തൊഴിലാളികളുടെ മരണത്തിന്റെ കണക്ക് കയ്യിലില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കില്ലെന്നാണോ..’- എന്ന് രാഹുല്‍ഗാന്ധി ചോദിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍ ഒരു കണക്കുമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചത്. ഇതിനെതിരെയാണ് ട്വിറ്ററിലൂടെ അദ്ദേഹം വിമര്‍ശനം നടത്തിയത്.

‘ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നും എത്ര തൊഴിലുകള്‍ നഷ്ടപ്പെട്ടുവെന്നും മോദി സര്‍ക്കാരിന് അറിയില്ല. നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കില്ലെന്നാണോ.., അവര്‍ മരിക്കുന്നത് ഈ ലോകം മുഴുവന്‍ കണ്ടതാണ്. മോദി സര്‍ക്കാരിന് മാത്രം ഒന്നും അറിയില്ല,’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനിടെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ തൊഴിലിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തൊഴിലാളികളാണ് കാല്‍നടയായും മറ്റും സ്വദേശങ്ങളിലേക്ക് തിരിച്ചത്. അനാരോഗ്യം മൂലവും അപകടങ്ങളില്‍പെട്ടും നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായമോ നഷ്ടപരിഹാരമോ സര്‍ക്കാര്‍ നല്‍കുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍ മരിച്ച തൊഴിലാളികളുടെ ആകെ എണ്ണമോ സംസ്ഥാനം തിരിച്ച് മരണം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ അറിയിച്ചു.

1.04 കോടിയിലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ലോക്ഡൗണിനെ തുടര്‍ന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയത്. ഉത്തര്‍പ്രദേശില്‍ മാത്രം 34.4 ലക്ഷം പേര്‍ തിരിച്ചെത്തി. ബിഹാറില്‍ 15 ലക്ഷം പേരും രാജസ്ഥാനില്‍ 13 ലക്ഷം പേരും തിരിച്ചെത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തിനായി ഇന്ത്യന്‍ റെയില്‍വേ 4,611 ശ്രമിക് പ്രത്യേക തീവണ്ടി സര്‍വീസുകള്‍ നടത്തി. 63.07 ലക്ഷം തൊഴിലാളികളെ യു.പി, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചു. തൊഴിലാളികളുടെ യാത്രക്കായും അല്ലാത്തവരെ പാര്‍പ്പിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം റെയില്‍ വേ ശ്രമിക് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നതു വരെ 80 ഓളം തൊഴിലാളികള്‍ മരിച്ചിട്ടുണ്ട്.

chandrika: