ന്യൂഡല്‍ഹി: സാമ്പത്തിക തകര്‍ച്ച സംബന്ധിച്ച റിസര്‍വ് ബാങ്ക് മുന്നറിയിപ്പിന്റെ പശ്ചാത്തത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നാല് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് ആര്‍ബിഐ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കൂടുതല്‍ പണമിറക്കണം. ഇതിനായി കൂടുതല്‍ വായ്പ നല്‍കുകയാണ് വേണ്ടത്. പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ പണം നല്‍കണം. അല്ലാതെ സമ്പന്നര്‍ക്ക് നികുതിയളവ് നല്‍കിയിട്ട് കാര്യമില്ല. ഉപഭോഗം വീണ്ടും വര്‍ധിക്കാന്‍ ശക്തമായ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്റെ വരുമാനത്തിലും നീക്കിയിരിപ്പിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
സുസ്ഥിരമായ വളര്‍ച്ച തിരിച്ചുകൊണ്ടുവരാന്‍ സാമ്പത്തിക മേഖലയിലും നിയമഘടനയിലും അന്താരാഷ്ട്ര മത്സരക്ഷമതയിലും ഘടനാപരമായി വിശാലതലത്തില്‍ പരിഷ്‌കരണ നടപടികള്‍ ആവശ്യമാണെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി.