മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി സര്‍ക്കാരിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ യുവാക്കള്‍ തൊഴില്‍ ചോദിക്കുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കൂ എന്നാണ് പറയുന്നത്. ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട് മഹാരാഷ്ട്രയിലെ പാവപ്പെട്ടവരുടെ വയറു നിറയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലാത്തൂര്‍ ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം ചന്ദ്രയാന്‍ ദൗത്യത്തിലെ കേന്ദ്രത്തിന്റെ അമിത താല്‍പര്യത്തെ പരിഹസിച്ചത്.
യുവാക്കള്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ചന്ദ്രനെ നോക്കാനാണ് പറയുന്നത്. മോദിയും അമിത് ഷായും കൂടി പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ അകറ്റാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയെ രാഹുല്‍ വിമര്‍ശിച്ചു. മേക്ക് ഇന്‍ ഇന്ത്യ അല്ല മേക്ക് ഇന്‍ ചൈനയാണ് നടക്കുന്നത്. ചാന്ദ്രദൗത്യത്തെപറ്റിയും ആര്‍ട്ടിക്കിള്‍ 370 നെയും പറ്റി വാതോരാതെ സംസാരിക്കുമ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്-രാഹുല്‍ ഗാന്ധി വ്യക്തമാക്കി.മാധ്യമങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളിലും തൊഴിലില്ലായ്മയിലും മൂകത പാലിക്കുകയാണ്. 15 കോടീശ്വരുടെ 5.5 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. ഒപ്പം നോട്ടു നിരോധനത്തിന്റെയും ജി.എസ്.ടിയും നടപ്പാക്കിയതിലൂടെ പാവപ്പെട്ടവന്റെ പണം പണക്കാരന്റെ കീശയിലെത്തിയെന്നും രാഹുല്‍ ആരോപിച്ചു.