ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്‍മദിനത്തില്‍ പിതാവിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജീവ് ഗാന്ധി പിതാവായതിനാല്‍ ഭാഗ്യവാനും അഭിമാനവുമുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.രാജീവ്് ഗാന്ധിയുടെ 76-ാം ജന്‍മദിനമാണിന്ന്.
‘രാജീവ് ഗാന്ധി അതിശയകരമായ കാഴ്ചപ്പാടുള്ള ഒരു വ്യക്തിയായിരുന്നു. എന്നാല്‍ എല്ലാറ്റിനുമുപരിയായി, അദ്ദേഹം അനുകമ്പയും സ്‌നേഹവുമുള്ള ഒരു മനുഷ്യനായിരുന്നു,’രാജീവ് ഗാന്ധി പിതാവായതിനാല്‍ അവിശ്വസനീയമാംവിധം ഭാഗ്യവാനും അഭിമാനവുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. എല്ലാകാലവും പിതാവിന്റെ നഷ്്ടം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
1984-ലായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി അധികാരത്തിലേറുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു രാജീവ്. 40-ാം വയസ്സിലായിരുന്നു അത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ 1991-ലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.