ഡല്‍ഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വന്‍ തോതില്‍ ഇടിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ തകര്‍ച്ച ആരംഭിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ തുടര്‍ച്ചയായാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം നാശത്തിലേയ്ക്ക് നീങ്ങിത്തുടങ്ങിയത്. പിന്നീട് സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കിയതെല്ലാം തെറ്റായ നയങ്ങളായിരുന്നെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. ആറ് മാസം മുന്‍പ് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍, ഒരു സാമ്പത്തിക സുനാമിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തിന്റെ ജി.ഡി.പി.യില്‍ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1996മുതല്‍ ഇന്ത്യ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.