ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ഏറെ പ്രീയപ്പെട്ടവനാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്‍. പാര്‍ട്ടിക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ സേവനം ഉറപ്പിക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്നും രാഹുലിന്റെ സ്ഥാനകയറ്റം പിന്തുണച്ച് കൊണ്ട് മന്‍മോഹന്‍സിങ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാല് നാമനിര്‍ദേശങ്ങളില്‍ രാഹുലിനെ പ്രധാനമായി പിന്തുണച്ചത് മന്‍മോഹന്‍ സിങ് ആയിരുന്നു.
പത്തൊമ്പത് വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച വ്യക്തിയാണ് സോണിയ ഗാന്ധി എന്നാല്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അദ്ധ്യായം ആരംഭിക്കുകയാണ് മന്‍മോഹന്‍സിങ്ങ് പറഞ്ഞു.
സ്ഥാനമൊഴിയുന്ന പ്രസിഡണ്ടും മാതാവുമായ സോണിയ ഗാന്ധിയടക്കം 89 പേരാണ് ഇതിനകം രാഹുലിനെ പ്രസിഡണ്ട് പദവിയിലേക്ക് പിന്തുണച്ച് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. രാഹുലിന്റെ പ്രസിഡണ്ട് പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്നു രാവിലെയാണ് രാഹുല്‍ ഗാന്ധി പ്രസിഡണ്ട് സ്ഥാനത്തേക്കു മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിച്ചത്. 47കാരനായ രാഹുലിനു വേണ്ടി നേതാക്കളും അണികളുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 89 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. പാര്‍ട്ടി ആസ്ഥാനത്തിനു തൊട്ടടുത്തുള്ള വസതിയില്‍ വെച്ച് സോണിയ ഗാന്ധിയാണ് രാഹുലിനെ നാമനിര്‍ദേശം ചെയ്യുന്ന പത്രികയില്‍ ആദ്യമായി ഒപ്പുവെച്ചത്. മുമ്പ് രാഹുലിനെ എതിര്‍ത്തിരുന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരിന്ദര്‍ സിങും 47കാരനു വേണ്ടി പത്രിക നല്‍കി.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സീനിയര്‍ നേതാക്കളായ ഷീല ദീക്ഷിത്, മൊഹ്‌സിന കിദ്വായ് തുടങ്ങിയവരില്‍ നിന്ന് രാഹുല്‍ അനുഗ്രഹം തേടി.