X

വെറുപ്പിനെ സ്‌നേഹം കൊണ്ട് നേരിടാന്‍

ചെന്നൈ: മോദിയുടെയും ബിജെപിയുെടയും വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് തോല്‍പ്പിക്കാന്‍ രാഹുലും കോണ്‍ഗ്രസ്സും. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിനെതിരെ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തി വോട്ടുരാഷ്ട്രീയം നടത്തുന്ന ബിജെപിക്ക് മാതൃകാപരമായ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെയാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും മറുപടി നല്‍കുന്നത്.
കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് സ്‌നേഹം പ്രകടിപ്പിക്കാനായിരുന്നെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മോദിയുടെ വര്‍ഗീയ മനസ്സിന് നേരെയുള്ള അടിയാണ്. ചെന്നൈ സ്‌റ്റെല്ലാ മാരിസ് കോളജില്‍ 3000 വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തിനിടെയാണ് ആലിംഗനത്തെ കുറിച്ച് രാഹുല്‍ വാചാലനായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതു താന്‍ നന്നായി ശ്രദ്ധിച്ചുവെന്നും അദ്ദേഹത്തോടു വ്യക്തിപരമായി തനിക്ക് ഒരു ശത്രുതയുമില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. അന്ന് അദ്ദേഹം വളരെ ക്ഷുഭിതനായിരുന്നു, കോണ്‍ഗ്രസിനെതിരെ വളരെ മോശമായി സംസാരിച്ചു. പക്ഷേ, എന്റെ ഉള്ളില്‍ അദ്ദേഹത്തോടു വാല്‍സല്യവും സ്‌നേഹവും തോന്നി. ഈ മനുഷ്യനു ലോകത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നില്ലല്ലോ എന്നും തന്റെ ഉള്ളില്‍ തോന്നി. അതു പ്രകടിപ്പിക്കണമെന്നും തോന്നി. യഥാര്‍ഥത്തില്‍ തന്റെ മനസ്സില്‍ മോദിയോടു സ്‌നേഹമാണെന്നും രാഹുല്‍ പറഞ്ഞു.
തന്നെ സര്‍ എന്ന് വിളിച്ച സ്‌റ്റെല്ല മേരിസ് കോളജിലെ വിദ്യാര്‍ത്ഥിനിയോട് തന്നെ രാഹുല്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടതും രാഹുലിന്റെ വിനയത്തിന്റെ വലിപ്പമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. സര്‍ എന്ന് വിളിക്കുന്നതിനു പകരം നിങ്ങള്‍ക്കെന്നെ രാഹുല്‍ എന്ന് വിളിച്ചു കൂടെ-ഓഡിറ്റോറിയമാകെ തിങ്ങിനിറഞ്ഞ വിദ്യാര്‍ത്ഥിനികളോടുള്ള രാഹുലിന്റ ചോദ്യം കേട്ട് ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് കരഘോഷത്തോടെ അവര്‍ അതേറ്റെടുത്തു. പിന്നീട് രാഹുല്‍ എന്ന് വിളിച്ചായിരുന്നു ഓരോ ചോദ്യങ്ങളും. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയാണ് രാഹുല്‍ നല്‍കിയത്. ഇത് കയ്യടിച്ചും ആര്‍പ്പുവിളിച്ചും വിദ്യാര്‍ത്ഥിനികള്‍ വരവേറ്റു. പ്രത്യേകം തയാറാക്കിയ റാംപിലൂടെ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലേക്കു കടന്നു ചെന്ന് ഉത്തരങ്ങള്‍ നല്‍കി. പൊതുവെ സ്ത്രീകളാണു പുരുഷന്മാരെക്കാള്‍ സ്മാര്‍ട് എന്ന് അഭിപ്രായപ്പെട്ട രാഹുല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും വാഗ്ദാനം ചെയ്തു. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തിനായി ചെലവഴിക്കുന്ന തുകയുടെ തോത് വളരെ കുറവാണെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇത് വര്‍ധിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഫണ്ട് മാത്രമല്ല പ്രശ്‌നമെന്നും വിദ്യാഭ്യാസ രംഗം കൂടുതല്‍ സ്വതന്ത്രമാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്ത നന്മയാണ് രാഹുല്‍ പ്രകടിപ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ ഖരഗ്പുരില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസ്ലെക്‌സിയ രോഗികളെ പ്രധാനമന്ത്രി അപമാനിച്ചത് ചൂണ്ടിക്കാട്ടി രാഹുലിന്റെ ഇടപെടലിനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
എപ്പോഴെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുപോലെ തുറന്നവേദിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്ന വിദ്യാര്‍ത്ഥികളോടുള്ള രാഹുലിന്റെ ചോദ്യം മോദിയുടെയും ബിജെപിയുടെയും ചങ്കില്‍ കൊള്ളുന്നതാണ്.

web desk 1: