ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഭരിക്കുന്നത് ഏതാനും ചില കോര്‍പറേറ്റുകളുടെ താല്‍പര്യത്തിന് വേണ്ടിയാണെന്നും രാജ്യത്തെ കര്‍ഷകരെ അദ്ദേഹം മറന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 2.5 ലക്ഷം കോടി രൂപയോളം കോര്‍പറേറ്റ് കടം എഴുതി തള്ളിയ മോദി കര്‍ഷകരുടെ വായ്പകളുടെ കാര്യത്തില്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി ഒ.ബി.സി വിഭാഗം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരശ്ശീലക്കു പിന്നില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് മോദി ഭരണത്തില്‍ യാതൊരു നേട്ടവും ലഭിക്കുന്നില്ലെന്നും കര്‍ഷകരുടെ പ്രയത്‌നത്തിന്റെ ഫലം കൊയ്യുന്നത് മറ്റു ചിലരാണെന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യമുള്ളവര്‍ക്ക് രാജ്യത്ത് യാതൊരു പ്രതിഫലവും ലഭിക്കുന്നില്ല. കര്‍ഷകര്‍ കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍ ഇത്തരക്കാരെ കുറിച്ചുള്ള യാതൊന്നും തന്നെ മോദിയുടെ ഓഫീസില്‍ കാണാനാവില്ല. രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 1000 കോടിയായി ഉയര്‍ന്നു കഴിഞ്ഞു. 15 വ്യവസായികള്‍ക്ക് 2.5 ലക്ഷം കോടിയാണ് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഒരു പൈസ പോലും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. കര്‍ഷകരുടെ കുട്ടികളുടെ കരച്ചില്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയാണ്. രാജ്യത്ത് നൈപുണ്യമുള്ളവരുടെ കുറവുണ്ടെന്ന സര്‍ക്കാര്‍ വാദം ശരിയല്ലെന്ന് പറഞ്ഞ രാഹുല്‍ അധികൃതര്‍ ഇത് തിരിച്ചറിയാത്തതാണ് പ്രശ്‌നമെന്നും പറഞ്ഞു. സര്‍ക്കാറിലുള്ള ചിലരും ആര്‍.എസ്.എസും കാരണമാണ് ഒ.ബി.സി വിഭാഗക്കാരെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് മോദി, അമിത് ഷാ, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നീ മൂവര്‍ സംഘമാണ്. രാജ്യം 2-3 ബി.ജെ.പി നേതാക്കളുടെ അടിമയായി മാറിയിരിക്കുകയാണ്. എം.പിമാരുള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാന്‍ ഭയക്കുകയാണ്. ആരേയും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. സംസാരിച്ചാലും ബി.ജെ.പി കേള്‍ക്കാന്‍ സന്നദ്ധമല്ല. ആര്‍.എസ്.എസിന്റെ വാക്കുകള്‍ മാത്രമാണ് ഭരണകര്‍ത്താക്കള്‍ കേള്‍ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്നത് മൂവര്‍ സംഘത്തിനു വേ ണ്ടിയാണ്. എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി എങ്ങനെ ഭരിക്കണമെന്ന് ഐ ക്യ പ്രതിപക്ഷം ഒരു വര്‍ഷത്തിനകം ബി.ജെ.പിക്കും ആര്‍.എസ്.എസിനും മനസിലാക്കിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.