X
    Categories: Views

രാഹുലിനെ കാത്ത് കേരളം


രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായ വയനാടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും വയനാട്ടിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലൊന്നടങ്കം അലയൊലികള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കോണ്‍ഗ്രസ് അണികളെ മാത്രമല്ല ജനാധിപത്യ വിശ്വാസികളെ ഒന്നടങ്കം ആവേശത്തിന്റെ മൂര്‍ധന്യതയില്‍ എത്തിച്ചിരിക്കുമ്പോള്‍ സംസ്ഥാനത്ത് സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ കുറ്റാ കൂറ്റിരുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
17 ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് കേരളത്തില്‍ നിന്നുള്ള രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രസക്തമാക്കുന്നത്. ഒരു വശത്ത് അഞ്ചുവര്‍ഷക്കാലം കൊണ്ട് രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കിയ ബി.ജെ.പി അധികാരത്തുടര്‍ച്ചക്ക് വേണ്ടി ഏതറ്റംവരെയും പോകാന്‍ തയ്യാറെടുത്തു നില്‍ക്കുന്നു. മറുഭാഗത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര കക്ഷികള്‍ ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ ഭഗീരത പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇഞ്ചോടിഞ്ച് നടക്കുന്ന ഈ പോരാട്ടത്തില്‍ മതേതര കൂട്ടായ്മക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും അതിന്റെ അമരക്കാരന്‍ രാഹുല്‍ ഗാന്ധിക്കും രാജ്യത്തെമ്പാടും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത മതേതര വിശ്വാസികള്‍ക്ക് ആവേശം പകരുന്നതാണ്.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി യുടെ വര്‍ഗീയ ഫാസിസത്തെ നെഞ്ചുവിരിച്ച് ചെറുത്ത് തോല്‍പ്പിച്ച് നേടിയെടുത്ത മുന്‍തൂക്കം കോണ്‍ഗ്രസിന് ലോകസഭാ തെരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ കഴിയുന്നുവെന്നതാണ് നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തുന്നത്. യു.പി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്ന് വിലയിരുത്തപ്പെടുന്ന ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഈസി വാക്കോവറായിരുന്നെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ അവരുടെ കൈപ്പിടിയിലൊതുങ്ങി നില്‍ക്കില്ലെന്ന് മാസങ്ങള്‍ക്കു മുമ്പുതന്നെ വ്യക്തമായിക്കഴിഞ്ഞതാണ്.
ബദ്ധവൈരികളായ എസ്.പിയും ബി.എസ്.പിയും ബി.ജെ.പി വിരുദ്ധതയുടെ പേരില്‍ കൈകോര്‍ത്തതായിരുന്നു ബി.ജെ.പിക്കും മോദിക്കും ലഭിച്ച ആദ്യത്തെ ഇരുട്ടടിയെങ്കില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായി പ്രിയങ്ക വന്നതോടെ ബി.ജെ.പി നിലയില്ലാ കഴത്തിലകപ്പെടുകയായിരുന്നു.
ദിവസങ്ങളെടുത്ത് നൂറുക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് നടത്തിയ ഗംഗാ യാത്രയിലൂടെ ഉത്തര്‍ പ്രദേശിലെ സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് അതി വേഗത്തിലാണ് പ്രിയങ്ക കയറിച്ചെന്നത്. രാഹുല്‍ ഗാന്ധിയുടെ പൊതുയോഗങ്ങളിലെ വന്‍ ജനസാനിധ്യവും കാമ്പസുകളിലും മറ്റും അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച സ്വീകാര്യതയും രാജ്യത്തെമ്പാടും ആഞ്ഞുവീശാനിരിക്കുന്ന മാറ്റത്തിന്റെ കൊടുങ്കാറ്റിന്റെ സൂചനകളാണ് പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്. ഏതു വിധേനയും ബി.ജെ.പിയെ പിറകിലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയില്‍ അതും വയനാട്ടില്‍ രാഹുല്‍ ജനവിധി തേടുകയാണെങ്കില്‍ സമാനതകളില്ലാത്ത മുന്നേറ്റമായിരിക്കും കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും അതു സമ്മാനിക്കുക. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും അതിന്റെ അലയൊലികള്‍ പ്രകടമാവുമെന്ന കാര്യം ഉറപ്പാണ്. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലയില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് ഈ നീക്കം ഏറെ ഉണര്‍വ് നല്‍കും.
നിലവില്‍ തന്നെ ഡി.എം.കെ കോണ്‍ഗ്രസ് മുന്നണിയെ വരിക്കാനിരിക്കുന്ന തമിഴ്‌നാടിനും രാഹുലിന്റെ വരവ് ആവേശം പകരും. എ.ഐ.സി.സി സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടക്കുന്ന ആന്ധ്രയിലും സംസ്ഥാന രാഷ്ട്രീയത്തെ തന്റെ കുടുംബവാഴ്ച്ചക്കുള്ള ഇടമാക്കിയ കെ. ചന്ദ്രശേഖര റാവുവിനോട് ശക്തമായ വെറുപ്പ് നിലനില്‍ക്കുന്ന തെലുങ്കാനയിലും രാഹുല്‍ ഇഫക്ട് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരും. മോദിയുടെ കാര്‍ഷിക വിരുദ്ധ നയങ്ങളുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ജില്ലകളിലൊന്നെന്ന നിലയിലും ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമെന്ന നിലയിലും അത്തരം ദുര്‍ബല വിഭാഗങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച വഞ്ചനാപരമായ സമീപനങ്ങള്‍ പ്രചരണരംഗത്ത് ഉയര്‍ന്നുവരാനും ഈ സ്ഥാനാര്‍ത്ഥിത്വം നിമിത്തമാകും. രാഹുലിന്റെ വരവിനെതിരെയുള്ള പ്രതികരണങ്ങളില്‍ നിന്നു തന്നെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയം അങ്കലാപ്പ് പ്രകടമാണ്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പൂര്‍ണമായും അപ്രസക്തമാക്കപ്പെടുമെന്നതാണ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഒരു കൂട്ടായ്മയുടെയും ഭാഗമാകാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന സി.പി.എമ്മിനുള്ള ഏക പ്രതീക്ഷ കേരളത്തില്‍ നിന്നു കിട്ടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്ന ഒന്നോ രണ്ടോ സീറ്റുകളിലാണ്. രാഹുല്‍ ഇവിടെ ജനവിധി തേടിയാല്‍ അത് യു.ഡി.എഫിന്റെ ട്വന്റി ട്വന്റിയായിമാറുമെന്ന കാര്യം അവിതര്‍ക്കിതമാണ്.
കോണ്‍ഗ്രസുമായി കൂട്ടുകൂടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബംഗാളില്‍ പ്രതീക്ഷകള്‍ അസ്തമിച്ച സി.പി.എമ്മിന് ത്രിപുരയിലും ഒരു പ്രതീക്ഷയുമില്ല. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇടതു പക്ഷപ്രസ്ഥാനം എന്ന ലേബലുള്ള തങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ക്ലീന്‍ ബൗള്‍ഡാവാനുള്ള സാധ്യത അവര്‍ തന്നെ മുന്നില്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമെല്ലാം രാഹുലിന്റെ സ്ഥാനാര്‍ത്തിത്വം കേട്ടപാതി കേള്‍ക്കാത്ത പാതി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് നേടിയേക്കാവുന്ന സമഗ്രാധിപത്യമാണ് ബിജെ.പിയെ അസ്വസ്തമാക്കുന്നത്.
സംസ്ഥാനത്ത് സമീപകാലത്തുണ്ടായ സംഭവവികാസങ്ങളുടെ പേരില്‍ മനക്കോട്ട നെയ്യുന്ന അവര്‍ക്ക് ഓര്‍ക്കാപ്പുറത്ത് ലഭിച്ച അടിയാണ് ഈ വാര്‍ത്ത. 2014 ല്‍ നരേന്ദ്രമോദി രണ്ടിടങ്ങളില്‍ മത്സരിച്ചത് കൊണ്ട് തന്നെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രതിരോധിക്കാന്‍ അവരുടെ കൈയ്യില്‍ ഒരു കച്ചിത്തുരുമ്പുമില്ലാതായിരിക്കുകയാണ്. ചുരുക്കത്തില്‍ രാഹുല്‍ വരികയാണെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ അത് പുതിയൊരധ്യായമായി മാറും. സംസ്ഥാനത്തിന് ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത പല സൗഭാഗ്യങ്ങളും അത് കൊണ്ടുവരും. ഭാവി ഇന്ത്യയുടെ പ്രതീക്ഷയായി അദ്ദേഹം വളര്‍ന്നു കഴിഞ്ഞ സാഹചര്യത്തില്‍ വിശേഷിച്ചും.

web desk 1: