ഗാന്ധിനഗര്‍: കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നാലാമത്തെയും അവസാനത്തേതുമായ ഘട്ടം ആരംഭിച്ചു. ‘യഥാര്‍ത്ഥ ഗുജറാത്തി, യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരന്‍’ (പക്കാ ഗുജറാത്തി, പക്കാ കോണ്‍ഗ്രസ്സി) എന്ന ആപ്തവാക്യത്തോടെയുള്ള നവ്‌സര്‍ജന്‍ യാത്ര ഗാന്ധി നഗറില്‍ നിന്നാരംഭിക്കും. കര്‍ഷകര്‍, യുവാക്കള്‍, കച്ചവടക്കാര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ നേരിടുന്ന പ്രശ്‌നങ്ങളും തൊഴില്ലായ്മയും രാഹുലിന്റെ പ്രസംഗങ്ങളില്‍ വിഷയമാവും. #PakkaGujarati_PakkaCongressi ഇതിനകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിക്കഴിഞ്ഞു.
വടക്കന്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍, ബനസ്‌കന്ത, സബര്‍കന്ത, മഹേസന, പത്താന്‍ ജില്ലകളിലാണ് രാഹുല്‍ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുക. കര്‍ഷകരും വ്യാപാരികളുമടങ്ങുന്ന വോട്ടര്‍മാരെ രാഹുല്‍ നേരില്‍ക്കാണും. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതില്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ മൂന്ന് ഘട്ട പ്രചാരണ യാത്രകള്‍ക്കും നല്ല സ്വീകാര്യതയാണ് ഗുജറാത്തില്‍ ലഭിച്ചത്. നരേന്ദ്ര മോദി സര്‍ക്കാറിനെയും ഗുജറാത്ത് സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന രാഹുലിന്റെ പ്രസംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും തംരഗമായിട്ടുണ്ട്.
ബനസ്‌കന്തയിലെ അംബാജി ക്ഷേത്ര സന്ദര്‍ശനത്തോടെയാണ് രാഹുല്‍ ഇന്നത്തെ പ്രചരണം അവസാനിപ്പിക്കുക. രാഹുല്‍ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനെതിരെ ബി.ജെ.പി വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.