നടി ഹണി റോസിന് എതിരായ പരാമർശത്തിൽ രാഹുൽ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി.
ഏതെങ്കിലും തരത്തില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പരിശോധിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രൈം രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിലപാട് കോടതി തേടിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്‍റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്‍റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസിന്‍റെ ആവശ്യം.