X

ശബരിമല സ്ത്രീവിവേചനം; സുപ്രീംകോടതിക്കെതിരെ രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീവിവേചനം പാടില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല. അത് പുണ്യപരിപാവന സ്ഥലമാണ്, അത് വിശ്വാസികളുടെ സ്ഥലമാണ് ശരിയായ ഹിന്ദുവിശ്വാസികളുടെ വാദം ശക്തമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കും.അതേസമയം ഈ കേസ് ഞങ്ങള്‍ തോറ്റാല്‍ രാജ്യത്തെ ലക്ഷകണക്കിന് ക്ഷേത്രങ്ങള്‍ക്കുമേല്‍ ഹിന്ദുവിനുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്നും രാഹുല്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്.

 

ഞങ്ങളുടെ പിതാമഹന്മാര്‍ക്കും, പുരാതന ക്ഷേത്രങ്ങള്‍ക്കും വേണ്ടി കപട ലിബറലുകള്‍ക്കും, കപട ഫെമിനിസ്റ്റുകള്‍ക്കും എതിരെ പോരാടും.ഹിന്ദു താത്പര്യങ്ങളും ക്ഷേത്രങ്ങളും എന്തു വിലകൊടുത്തും ഞങ്ങള്‍ സംരക്ഷിക്കും രാഹുല്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

 

ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീവിവേചനം പാടില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും എന്തടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കുള്ള പ്രവേശനം തടയുന്നതെന്നും കോടതി ചോദിച്ചിരുന്നു. ഇതു ഭരണഘടനാ വിരുദ്ധമാണ്. പൊതുജനത്തിനായി ക്ഷേത്രം തുറക്കുമ്പോള്‍ ആര്‍ക്കും അവിടെ പോകാനാകണം. സ്ത്രീകളെ ഭരണസമിതി വിലക്കിയത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു.പ്രാര്‍ഥനയ്ക്കു പുരുഷനുള്ള തുല്യ അവകാശമാണ് സ്ത്രീക്കുമുളളത്. തുല്യാവകാശം തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നും വാദം കേട്ട ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.

chandrika: