കോഴിക്കോട്: ശബരിമല വിധി പുറപ്പെടുവിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ച് വീണ്ടും രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയാണ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രാഹുലിന്റെ പരാമര്‍ശം.
‘ദീപക് മിശ്ര ഒരു ഗജഫ്രോഡാണ്. കള്ളനാണ്. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും ഇംപീച്ച്‌മെന്റ് മോഷന്‍ മൂവ് ചെയ്യാന്‍ കൊടുത്ത വ്യക്തിയാണ്’; രാഹുല്‍ഈശ്വര്‍ ചര്‍ച്ചക്കിടെ പറഞ്ഞു.
സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ പുതിയ ചീഫ് ജസ്റ്റിസ് വന്നതില്‍ പ്രതീക്ഷയുണ്ടെന്ന രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം നേതാവ് എ.എ. റഹീം സൂചിപ്പിക്കുമ്പോഴായിരുന്നു രാഹുലിന്റെ മറുപടി. രാഹുലിന്റെ പ്രതികരണം കോടതിയലക്ഷ്യമാണെന്ന് റഹീം ചൂണ്ടിക്കാട്ടിയെങ്കിലും വീണ്ടും രാഹുല്‍ ഈശ്വര്‍ ദീപക് മിശ്രക്കെതിരെ ആക്ഷേപമുന്നയിക്കുകയായിരുന്നു.
ദീപക് മിശ്ര ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റാണെന്നും അദ്ദേഹം ശരിയല്ലെന്ന് പറയുന്നത് താനൊരു രാജ്യസ്‌നേഹിയായത് കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു.