മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് റാലിയുടെ അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമത്രിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ഏക് ഹേ തോ സേഫ് ഹേ’ ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
അദാനിയുടെയും മോദിയുടെയും ഒന്നിച്ചുള്ള ചത്രങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹം അവർ രണ്ടുപേരും ഒന്നിച്ചാൽ അവരാണ് സേഫ് ആവുന്നതെന്നും മോദിയും അദാനിയും ജനങ്ങളെ പറ്റിക്കുകയായണെന്നും പറഞ്ഞു.
ധാരാവിയുടെ മാപ്പും മോദിയുടെയും അദാനിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും ഉയർത്തിപ്പിടിച്ച രാഹുൽ ഗാന്ധി ധാരാവിയിലെ ജനങ്ങൾ ഒറ്റപ്പെട്ടു പോയെന്നും മോദിയുടെ ‘സേഫിൽ’ അവർ പെടുന്നില്ലെന്നും പറഞ്ഞു. ഒരുലക്ഷം കോടിയുടെ പദ്ധതിയാണ് അദാനിക്ക് വേണ്ടി മോഡി ഒരുക്കുന്നതെന്നും ആ പദ്ധതി സാധാരണ ജനവിഭാഗത്തെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മുദ്രാവാക്യത്തിൽ പറയുന്ന ഏക് എന്നത് നരേന്ദ്ര മോദിയാണ്, അദാനിയാണ്, അമിത് ഷാ ആണ്. ‘സേഫ് ഹേ’ അല്ലെങ്കിൽ സുരക്ഷിതരാണെന്ന് പറയുന്നത് ആരാണ്. ഇവിടെ സുരക്ഷിതരാകുന്നത് അദാനിയാണ് മോദിയാണ് അമിത് ഷാ ആണ്.
കഷ്ടപ്പാടും ദുരിതവും ആർക്കാണ് ഉണ്ടാവുക ? അത് ധാരാവിയിലെ ജനതയ്‌ക്കാണ് ഉണ്ടാവുക. ഈ തെരഞ്ഞെടുപ്പിൽ മോഡി നൽകിയ മുദ്രാവാക്യം വളരെ കൃത്യമായതാണ്. എന്നാൽ അതിന്റെ ഗുണങ്ങൾ ഉണ്ടാവുക മോദിക്കും അദാനിക്കും അമിത് ഷാക്കും ആയിരിക്കും എന്ന് മാത്രം,’ രാഹുൽ ഗാന്ധി പറഞ്ഞു.