രാഹുല്‍ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിക്കിടെ
വയനാട് ലോക്‌സഭാമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത. അദ്ദേഹത്തെ ആറുവര്‍ഷത്തേക്കാണ് അയോഗ്യനാക്കിയിരിക്കുന്നത്. സൂറത്ത് കോടതിയുടെ വിധിയാണ് ഇതിന് കാരണം. മോദി എന്ന്് കള്ളന്മാര്‍ക്കെല്ലാം പേരുവന്നതെങ്ങനെ എന്ന പ്രസംഗമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. അപകീര്‍ത്തികരമാണെന്ന് കാട്ടി ബി.ജെ.പി ഗുജറാത്ത് നേതാവാണ് പരാതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷംമാത്രം ബാക്കിയിരിക്കെ വയനാട്ടില്‍ സര്‍ക്കാര്‍ ഉപതെരഞ്ഞെടുപ്പിന് പോകുമോ എന്നാണ് ഇനി അറിയേണ്ടത്. തെര.കമ്മീഷന്‍ സമ്മതിച്ചാല്‍ അതുണ്ടാകും. ആറുമാസത്തിന് മുമ്പ് വരെ ലോക്‌സഭക്ക് കാലാവധി ഉണ്ടായിരിക്കെ ഉപതെരഞ്ഞെടുപ്പാകാമെന്നാണ് ചട്ടം. അതേസമയം രാഹുലിന്റെ അപ്പീല്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതി അയോഗ്യത റദ്ദാക്കുമെന്നുമാണ് പലരും കരുതുന്നത.്
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അയോഗ്യനാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കേസില്‍ അപ്പീലിലൂടെ എം.പി കുറ്റവിമുക്തമായിരുന്നത്. ഇത് രാഹുലിന്റെ കാര്യത്തില്‍ നടപ്പാക്കുമോ എന്നാണ് നോക്കേണ്ടത്. അയോഗ്യരാക്കിയതിന്റെ പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
രാഹുല്‍ഗാന്ധിയുടെ വയനാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലും തെക്കേഇന്ത്യയിലും വലിയ ആവേശമായിരുന്നു. വയനാട്ടില്‍നിന്ന് 2019ല്‍ 4,31, 770 വോട്ടുകള്‍ക്കാണ് സി.പി.ഐയിലെ സുനീറിനെ രാഹുല്‍ഗാന്ധി പരാജയപ്പെടുത്തിയത്. 30 ദിവസത്തെ കാലാവധി രാഹുലിന് കോടതി അപ്പീലിനായി നല്‍കിയിട്ടുണ്ടെങ്കിലും കോടതിവിധി കണക്കിലെടുക്കാതെ 24 മണിക്കൂറിനകം അയോഗ്യനാക്കിയത് തന്നെ സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നതിന് തെളിവാണ്. ഇതോടെ അദ്ദേഹത്തെ എം.പി വസതിയില്‍നിന്നും പുറത്താക്കിയേക്കും. പലരും കാലാവധി കഴിഞ്ഞും എം.പിയുടെ വസതിയില്‍ കഴിയുകയാണിപ്പോഴും.
രാഹുലിന്റെ സ്വഭാവമനുസരിച്ച് കോടതിവിധിയും സര്‍ക്കാര്‍ നടപടിയും പോരാട്ടത്തിനുള്ള പുതിയ ഉപകരണമായി കണക്കിലെടുക്കുമെന്നുതന്നെയാണ് കരുതേണ്ടത്. കീഴടങ്ങുന്ന പ്രശ്‌നമില്ലെന്ന് രാഹുല്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വരും നാളുകളില്‍ കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. മോദിയുടെ പേര് പ്രധാനമന്ത്രിക്ക് ഉണ്ടായി എന്നതുകൊണ്ട് മാത്രം അപകീര്‍ത്തിപരാതി നിലനില്‍ക്കില്ല. മാത്രമല്ല, അധികാരത്തിലിരിക്കുന്നവരെ വിമര്‍ശിക്കാന്‍ ഭരണഘടനാപരമായി തന്നെ അവകാശവുമുണ്ട്.