ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ചിരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലാവുന്ന ദിനം. 19 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഏതാനും നിമിഷങ്ങള്‍ക്കകം ചുമതല ഏല്‍ക്കും. എ.ഐ.സി.സി അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറും. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് സംസാരിച്ചതിന് ശേഷം 19 വര്‍ഷം അധ്യക്ഷ പദവിയിലിരുന്ന സോണിയാഗാന്ധി വിടവാങ്ങല്‍ പ്രസംഗം നടത്തും.
തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി നേതാക്കളെ അഭിസംബോധന ചെയ്യും. പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍ ,മുഖ്യമന്ത്രിമാര്‍, പിസിസി അധ്യക്ഷന്മാര്‍, എം.പിമാര്‍ ,സിഎല്‍പി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ അമരക്കാരനാകുന്ന പതിനേഴാമത്തെ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. പുതിയ അധ്യക്ഷനെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. രാഹുലിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.