ബിദാര്‍: റഫാല്‍ വിമാന ഇടപാടില്‍ വാദപ്രതിവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യ താല്‍പര്യങ്ങള്‍ ബലി അര്‍പ്പിച്ചാണ് റഫാല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പു വെച്ചതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. റഫാല്‍ കരാറില്‍ ഞാനും മോദിയും തമ്മില്‍ സംവാദം നടക്കട്ടെ. ഞാന്‍ മണിക്കൂറുകളോളം സംസാരിക്കാന്‍ തയാറാണ്. കര്‍ണാടക കോണ്‍ഗ്രസ് ബിദാറില്‍ സംഘടിപ്പിച്ച ജനധ്വനി പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. മോദിക്കെതിരെ രൂക്ഷമായി സംസാരിച്ച രാഹുല്‍ കാവല്‍ക്കാരന്‍ സഹകാരിയായെന്ന് പരിഹസിച്ചു. പ്രധാനമന്ത്രി നികുതി ദായകരുടെ പണം കട്ടെടുത്ത് സ്വന്തം സുഹൃത്തിന് നല്‍കുകയാണെന്നും സുഹൃത്തിന്റെ കമ്പനിക്ക് റഫാല്‍ കരാര്‍ സ്വന്തമാക്കാനായെന്നും കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന്റെ ഏറിയ ഭാഗവും മോദിയെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലെന്നും 15 സൂപ്പര്‍ സമ്പന്നന്‍മാരുടെ പ്രധാനമന്ത്രിയാണെന്നും ആരോപിച്ചു. ബേഠി ബചാവോ, ബേഠി പഠാവോ എന്നാണ് മോദി നല്‍കിയ മുദ്രാവാക്യം. എന്നാല്‍ ആരില്‍ നിന്നുമാണ് പെണ്‍കുട്ടികളെ രക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറയണമെന്നും രാജ്യത്തെ വര്‍ധിച്ചു വരുന്ന ബലാത്സംഗങ്ങളെ പരാമര്‍ശിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു. യു.പിയില്‍ ബലാത്സംഗം നടന്നു, പിടിക്കപ്പെട്ടത് ബി.ജെ.പി നേതാവ്. ബിഹാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായി. അവിടേയും ബി.ജെ.പി നേതാക്കളെയാണ് പ്രതിസ്ഥാനത്ത് കണ്ടത്. ഇത്തരം വാര്‍ത്തകള്‍ നിരന്തരം വരുമ്പോഴും മോദി ഒരു വാക്കു പോലും മിണ്ടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
റഫാല്‍: മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
Tags: modi-rahulrafael deal