ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് തുടക്കം മാത്രമാണ് എന്നും എല്ലായ്‌പ്പോഴും സത്യം അഹന്തയെ അതിജീവിച്ചിട്ടേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
‘എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെട്ടിട്ടുണ്ട് എന്ന് പ്രധാനമന്ത്രി ഓര്‍ക്കണം. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ ലോകത്തെ ഒരു സര്‍ക്കാരിനും തടയാനാകില്ല. മോദി സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും. കൂടാതെ കരിനിയമം പിന്‍വലിക്കേണ്ടതായും വരും. ഇത് വെറും തുടക്കം മാത്രമാണ്’ -രാഹുല്‍ ട്വീറ്റ് ചെയ്തു.
ആയിരക്കണക്കിന് കര്‍ഷകരാണ് ദില്ലി ചലോ എന്ന പേരില്‍ സര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത്. തലസ്ഥാനത്തേക്ക് വരാനുള്ള അവരുടെ നീക്കത്തെ വിവിധ സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് കര്‍ഷക നേതാക്കളുമായി പോലീസ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാനും ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ സമാധാന പൂര്‍ണമായ പ്രതിഷേധത്തിന് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഹരിയാനയില്‍ വച്ച് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കര്‍ഷകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ അതിര്‍ത്തിയില്‍ വലിയ കിടങ്ങുകള്‍ കുഴിക്കുകയും ചെയ്തിരുന്നു.