ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ലോക്‌സഭയില്‍ തുറന്നടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലെന്നും അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. റഫാല്‍ ഇടപാടിന്റെ രേഖ മനോഹര്‍ പരീക്കറിന്റെ കിടപ്പുമുറിയിലാണെന്ന ഗോവ മന്ത്രിയുടെ സംഭാഷണ ശബ്ദരേഖ സഭയില്‍ കേള്‍പ്പിക്കാന്‍ രാഹുല്‍ ഒരുങ്ങിയെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുവദിച്ചില്ല.
‘കഴിഞ്ഞ തവണ ഞാന്‍ റഫാല്‍ ഇടപാടിനെപ്പറ്റി നടത്തിയ പ്രസംഗം പ്രധാനമന്ത്രി കേട്ടിരുന്നു. അതിനുശേഷം അദ്ദേഹം സുദീര്‍ഘമായി സംസാരിച്ചെങ്കിലും റഫാലിനെപ്പറ്റി അഞ്ചുമിനുട്ടു പോലും സംസാരിച്ചില്ല. റഫാല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ല. അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണ്. ഇന്നലെ ഒരു അഭിമുഖത്തില്‍, തനിക്കെതിരെ ആരോപണങ്ങളില്ല എന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ തനിക്കുനേരെ വിരല്‍ ചൂണ്ടുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം.
റഫാല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മറുപടിയില്ല. അവര്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുകയാണ്…’ രാഹുല്‍ പറഞ്ഞു.
വിവിധ വിഷയങ്ങളുന്നയിച്ച് കാവേരി വിഷയത്തില്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ പ്രസംഗിച്ചത്. ഇതിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി പറയുമ്പോഴും സഭ ശബ്ദമുഖരിതമായിരുന്നു.