ലക്‌നൗ: പശ്ചിമ യുപിയിലെ കലാപബാധിത പ്രദേശമായ സഹരണ്‍പുര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. സ്ഥലം ശനിയാഴ്ച സന്ദര്‍ശനം നടത്തുമെന്ന് രാഹുല്‍ വ്യക്തമാക്കി.
മെയ് 5ന് സഹരണ്‍പൂര്‍ ജില്ലയിലെ ദളിത് ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നിരുന്നത്. എന്നാല്‍ ഇതിനുള്ള അനുമതി ഉത്തര്‍പ്രദേശ് പൊലീസ് നിഷേധിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അനുമതി നിഷേധിച്ചത്.
കലാപം നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സംഘര്‍ഷ സ്ഥലത്ത് രാഷ്ട്രീയ മുതലെടുപ്പിനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് യുപി ബിജെപി നേതൃത്വം ആരോപിച്ചു. അതേസമയം ബിഎസ്പി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി ഇന്ന് സ്ഥലത്ത് സന്ദര്‍ശം നടത്തി.