ന്യൂഡല്‍ഹി: ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിഹാറിലെ രാഷ്ട്രീയ സ്ഥിതിയും പ്രതിപക്ഷ ഐക്യവുമുള്‍പ്പെടെ ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം.
ജോര്‍കിഹത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍. ഡി. എയുടെ സീറ്റ് പിടിച്ചെടുത്തതിന് പിന്നാലെ ആര്‍. ജെ. ഡി നേതാവ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണി രൂപപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് തേജസ്വിയുടെ കൂടിക്കാഴ്ച. ബിഹാറില്‍ എന്‍.ഡി.എക്കെതിരായി ഉയരുന്ന പൊതുജന വികാരം, സംസ്ഥാനത്തെ ഭരണത്തകര്‍ച്ച, ഉയരുന്ന കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തേജസ്വി യാദവ് രാഹുലിനെ അറിയിച്ചതായി ആര്‍. ജെ.ഡി വൃത്തങ്ങള്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് എന്‍.ഡി.എക്കെതിരായ വികാരമാണ് പ്രതിഫലിച്ചതെന്നും പ്രതിപക്ഷത്തിന് പിന്തുണ ഏറി വരികയാണെന്നും തേജസ്വി രാഹുലിനെ അറിയിച്ചതായും തേജസ്വിയുമായി ഏറെ അടുപ്പമുള്ള ആര്‍. ജെ. ഡി നേതാവ് സഞ്ജയ് യാദവ് അറിയിച്ചു. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സീറ്റ് വിഭജനം നേരത്തെയാക്കണമെന്ന് രാഹുലിനോട് തേജസ്വി യാദവ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജെ.ഡി.യു-ബി.ജെ.പി വിള്ളല്‍ തീര്‍ക്കുന്നതിനായി അമിത് ഷാ പറ്റ്‌നയിലെത്തിയ അതേ ദിവസം തന്നെയാണ് തേജസ്വി യാദവ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാന സര്‍ക്കാറിനെതിരെ ബിഹാറില്‍ തേജസ്വിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കാമ്പയ്ന്‍ ഉടന്‍ ആരംഭിക്കുമെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് അറിയിച്ചു.