ന്യൂഡല്‍ഹി: ഹത്രാസ് സംഭവത്തില്‍ യുപിയിലെ യോഗി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. പ്രസ്താവനകളും ട്വീറ്റുകള്‍ക്കും അപ്പുറത്ത് രാഹുല്‍ തെരുവിലേക്കിറങ്ങി നയിക്കുന്ന കാഴ്ചയാണ് യുപിയില്‍ കണ്ടത്. ഡല്‍ഹി-യുപി യമുന ഹൈവേയില്‍ വച്ച് പൊലീസ് ഇരു നേതാക്കളെയും അറസ്റ്റു ചെയ്യുകയും ചെയ്തു.
അറസ്റ്റ് രാഷ്ട്രീയപരമായി കോണ്‍ഗ്രസിന് വിഷയത്തില്‍ മുന്‍തൂക്കം നല്‍കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഹുല്‍ഗാന്ധിയെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹത്രാസിലേക്കുള്ള യാത്ര പ്രഖ്യാപിച്ച ഉടന്‍ തന്നെ ഇരുവരെയും തടയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇരുവരും തിരിച്ചു പോകുമെന്നായിരുന്നു പൊലീസ് കണക്കു കൂട്ടിയിരുന്നത്.
എന്നാല്‍ പൊലീസിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് കാല്‍നടയായി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും പത്രാസിലേക്ക് നീങ്ങിയത്. ഇതിനിടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിക്കുകയും ചെയ്തു. ഹത്രാസില്‍ നിന്ന് 142 കിലോമീറ്റര്‍ അകലെ നിന്നാണ് നേതാക്കള്‍ നടത്തം ആരംഭിച്ചത്. പിന്നീട് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നിലവില്‍ ബുദ്ധ് അന്താരാഷ്ട്ര സര്‍ക്യൂട്ട് ഗസ്റ്റ് ഹൗസിലാണ് രാഹുലും പ്രിയങ്കയും.
രാഹുലിനെ തടഞ്ഞതോടെ യമുന എക്പ്രസ് ഹൈവേയില്‍ വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപപ്പെട്ടത്. നൂറു കണക്കിന് പ്രവര്‍ത്തകരാണ് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.
കുറച്ചുകാലമായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യോഗി സര്‍ക്കാറിനെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് യോഗിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന നേതാവ് എന്ന നിലയിലേക്ക് പ്രിയങ്ക വളര്‍ന്നു കഴിഞ്ഞു. മറ്റു പ്രതിപക്ഷ നേതാക്കളായ എസ്പിയുടെ അഖിലേഷ് യാദവ്, ബിഎസ്പിയുടെ മായാവതി എന്നിവര്‍ ചിത്രത്തിലേ ഇല്ല എന്നും ശ്രദ്ധേയമാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലാണ് പ്രിയങ്ക യുപിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിന്റെ ഭാഗമായി അദ്ദേഹം പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കുകയും ചെയ്തു. പ്രവര്‍ത്തക സംഗമങ്ങളും കണ്‍വന്‍ഷനുകളും നടന്നുവരുന്ന വേളയിലാണ് ദേശശ്രദ്ധയാകര്‍ഷിച്ച ബലാത്സംഗക്കേസില്‍ പ്രിയങ്ക, രാഹുലിനെ വച്ച് ശക്തമായ ഇടപെടല്‍ നടത്തുന്നത്.
സാഹചര്യങ്ങള്‍ മുതലെടുക്കാനുള്ള മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ മിടുക്കാണ് പ്രിയങ്കയുടെ പ്ലസായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അത് കൃത്യമായി മുതലെടുക്കാന്‍ നിലവില്‍ പ്രിയങ്കക്കായിട്ടുണ്ട്.