ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം സഭയെ ഇന്ന് പ്രക്ഷുബ്ധമാക്കും. വിഷയം സഭയില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമതിയാരോപണം പുറത്തുവന്നതിന് പിന്നാലൊയാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന മറ്റൊരു ആരോപണം കൂടി പുറത്തുവരുന്നത്.
എന്നെ കേള്‍ക്കൂ, നോട്ട് നിരോധനത്തിന്റെ മറവില്‍ മോദി നേരിട്ട് നടത്തിയതിന് തെളിവുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. തെളിവുകള്‍ സഭയില്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിയില്‍ കോണ്‍ഗ്രസിനെ വലിച്ചിഴക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം മോദിക്കെതിരായ ആരോപണം രാഹുല്‍ ഗാന്ധി പുറത്തുവിടണമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജരിവാള്‍ പറഞ്ഞു.