ബസ്തര്‍: നഗര മാവോവാദികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. മോദിയില്‍ നിന്ന് ദേശീയത പഠിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് രാഹുല്‍ തിരിച്ചടിച്ചു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയവരില്‍ ഏറെയും കോണ്‍ഗ്രസ് നേതാക്കളാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ മോദി ആരോപണമുന്നയിച്ച ജഗ്ദല്‍പൂരിലെ അതേ വേദിയിലായിരുന്നു രാഹുലിന്റെ മറുപടി.
നന്ദകുമാര്‍ പട്ടേര്‍, മഹേന്ദ്ര കര്‍മ എന്നിവരുടെ പേരുകള്‍ നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കും. നക്‌സലുകളെ കുറിച്ച് മോദി പറഞ്ഞ അതേവേദിയില്‍ നിങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കുന്നു. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കളാണ് ഇവിടുത്തെ ജനങ്ങള്‍ക്കായി യഥാര്‍ഥത്തില്‍ ജീവന്‍ നല്‍കിയിരുന്നത്. ആരാണ് നക്‌സലുകളെ കുറിച്ച് സംസാരിക്കുന്നത്, പ്രധാനമന്ത്രി തന്നെ. അദ്ദേഹം ഇവിടെയെത്തി കര്‍മയേയും പട്ടേലിനേയും കോണ്‍ഗ്രസിനേയും അപമാനിച്ചയാളാണ്-രാഹുല്‍ പറഞ്ഞു.
സ്വാതന്ത്ര സമരക്കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഷങ്ങള്‍ തടവ് അനുഭവിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ കൈകൂപ്പി മാപ്പിരന്ന വിനായക് സവര്‍ക്കറാണ് ബി.ജെ.പിയുടെ ആരാധ്യപുരുഷനെന്നും അതുകൊണ്ട് കോണ്‍ഗ്രസിന് ദേശീയതയെക്കുറ്റിച്ച് ക്ലാസെടുക്കാന്‍ മോദി മുതിരരുതെന്നും രാഹുല്‍ പറഞ്ഞു.