ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസിലെ ഉന്നത സ്ഥാനങ്ങളില്‍ ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ നരേന്ദ്ര മോദി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിവില്‍ സര്‍വീസില്‍ ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച് വിവിധ സര്‍വീസുകളിലേക്ക് നിയമനം നടത്തുന്ന ചട്ടം പ്രധാനമന്ത്രി അട്ടിമറിക്കുകയാണ്. ആര്‍.എസ്.എസ് താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് നിയമനം നടക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ഉദ്യോഗാര്‍ഥികളുടെഭാവി അപകടത്തിലാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്തും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. നിങ്ങളുടെ ഭാവി അപകടത്തിലാണെന്നും പ്രതിഷേധവുമായി രംഗത്തെത്തണമെന്നും രാഹുല്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അവരുടെ റാങ്കിനനുസരിച്ച് ഡിപാര്‍ട്ട്‌മെന്റ് അനുവദിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് പകരം മൂന്നുമാസത്തെ അടിസ്ഥാന പരിശീലനത്തിന് ശേഷം ഉദ്യോഗാര്‍ഥികള്‍ക്ക് ഡിപാര്‍ട്ട്‌മെന്റ് അനുവദിക്കുന്ന പുതിയ രീതി കൊണ്ടുവരാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.