X
    Categories: Video Stories

റഹ്മാന്റെ ഷോയില്‍ തമിഴിന് പ്രാധാന്യം കൂടിയതില്‍ പരിഭവം; ഹിന്ദി വാദക്കാരുടെ വായടപ്പിച്ച് സോഷ്യല്‍ മീഡിയ

വിശ്വപ്രസിദ്ധ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ ലണ്ടനിലെ ഷോയില്‍ തമിഴ് ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘ബോളിവുഡിലൂടെ പ്രസിദ്ധനായ’ റഹ്മാന്റെ ഷോയില്‍ കൂടുതലും തമിഴ് ഗാനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് അരോചകമാണെന്നും പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് ചില ഹിന്ദിക്കാരാണ് പ്രചരണം തുടങ്ങിവെച്ചത്. എന്നാല്‍, സംഗീത ആരാധകരും തമിഴ് ഭാഷക്കാരും ശക്തമായ തിരിച്ചടി നല്‍കിയതോടെ ഹിന്ദി വാദക്കാര്‍ പിന്‍വലിഞ്ഞു. ‘ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നിര്‍ത്തുക’ (#StopHindiImposition), ‘ഹിന്ദി മൂടീട്ട് പോ’ (#HindiaMoodittuPo ) തുടങ്ങിയ ഹാഷ് ടാഗുകള്‍ മറ്റു ഭാഷക്കാരും ഏറ്റെടുത്തതോടെ ഹിന്ദി വാദികളുടെ വായടഞ്ഞു.

ലണ്ടനിലെ വെംബ്ലിയില്‍ ‘നേട്രു, ഇന്‍ട്രു, നാളൈ’ എന്ന സംഗീത പരിപാടിയില്‍ റഹ്മാന്‍ കൂടുതല്‍ തമിഴ് ഗാനങ്ങള്‍ അവതരിപ്പിച്ചു എന്നാരോപിച്ച് ചിലര്‍ രംഗത്തെത്തിയതാണ് വിവാദത്തിന്റെ തുടക്കം. റഹ്മാന്‍ നിരാശപ്പെടുത്തിയെന്നും റീഫണ്ട് വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ബോളിവുഡിലൂടെയാണ് റഹ്മാന്‍ പേരെടുത്തതെന്ന അബദ്ധവും ചിലര്‍ വിളമ്പി.

എന്നാല്‍, ഷോയില്‍ 16 ഹിന്ദി ഗാനങ്ങളും 12 തമിഴ് ഗാനങ്ങളുമാണ് ആലപിച്ചതെന്ന് പരിപാടിയില്‍ പങ്കെടുത്ത ചിലര്‍ വ്യക്തമാക്കി.

അതിനിടെയാണ് ഹിന്ദിക്കാരുടെ പരാതിക്കെതിരെ തമിഴന്മാരും മറ്റ് ഭാഷക്കാരും രംഗത്തെത്തിയത്. സംഗീതത്തിന് ഭാഷ പ്രശ്‌നമല്ലെന്നും ഹിന്ദിക്കാരുടെ മേല്‍ക്കോയ്മാ ബോധമാണ് പ്രശ്‌നമെന്നും വിലയിരുത്തലുണ്ടായി. ഹിന്ദിയേക്കാള്‍ കൂടുതല്‍ റഹ്മാന്‍ സംഗീതം നല്‍കിയിട്ടുള്ളത് തമിഴ് ചിത്രങ്ങള്‍ക്കാണെന്ന് കണക്കുകള്‍ നിരത്തി ചിലര്‍ സമര്‍ത്ഥിച്ചു. ‘മദ്രാസിലെ മൊസാര്‍ട്ട്’ എന്നറിയപ്പെടുന്ന റഹ്മാന്റെ വ്യക്തിജീവിതവും കരിയറും വിശകലനം ചെയ്ത പ്രമുഖ മാധ്യമങ്ങളും രംഗത്തെത്തിയതോടെ ഹിന്ദി വാദക്കാരുടെ പരാതിയുടെ മുനയൊടിഞ്ഞു.

2009-ല്‍ ഡാനി ബോയിലിന്റെ സ്ലം ഡോഗ് മില്യണയര്‍ എന്ന സിനിമയിലൂടെ ഇരട്ട ഓസ്‌കര്‍ പുരസ്‌കാരം നേടിയ എ.ആര്‍ റഹ്മാന്റെ തമിഴ് പ്രേമം പ്രസിദ്ധമാണ്. ഓസ്‌കര്‍ സ്വീകരിച്ച് റഹ്മാന്‍ തമിഴിലാണ് പ്രസംഗിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: