സഊദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാനാവശ്യമായ തുക രണ്ടു ദിവസത്തിനുള്ളില്‍ കൈമാറുമെന്നു ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സഊദി അറേബ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു 2 പേരെ ചുമതലപ്പെടുത്തി. ഇനി വരുന്ന ഫണ്ടുകള്‍ സ്വീകരിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
റഹീം നാട്ടില്‍ എത്തുന്നതുവരെ ട്രസ്റ്റ് നിലനിര്‍ത്തും നിയമോപദേശം തേടിയശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ബാങ്കുമായി സംസാരിച്ചു രണ്ടു ദിവസത്തിനകം തന്നെ തുക കൈമാറാന്‍ ശ്രമിക്കും. എംബസി വഴിയാണു പണം കൈമാറുന്നതെന്നും ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്, കണ്‍വീനര്‍ ആലിക്കുട്ടി എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം. 2006ല്‍ 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന് സ്‌പോണ്‍സറുടെ, തലയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.
2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയായിരുന്നു. ഇതേതുടര്‍ന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ സഊദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ ഇപ്പോള്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.