X

റഹീമിന്റെ മോചന ശ്രമം ഊർജിതം പ്രോസിക്യൂഷനിൽ നിന്ന് ഫയൽ കോടതിയിലേക്കയച്ചു

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : റിയാദിൽ ജയിൽ മോചനം കാത്തു കഴിയുന്ന കോഴിക്കോട് കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി വാർത്താകുറിപ്പിൽ അറിയിച്ചു. ഏറെ വൈകാതെ നടപടികൾ പൂർത്തീകരിച്ച് റഹീമിനെ കാത്തിരിക്കുന്ന ഉമ്മയുടെ പക്കൽ എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോ ഓർഡിനേറ്റർ ഹസ്സൻ ഹർഷദ് ഫറോക്ക് എന്നിവർ പറഞ്ഞു.

പ്രോസിക്യൂഷൻ വിഭാഗത്തിലുണ്ടായിരുന്ന ഫയൽ ഞായറാഴ്ച്ച തന്നെ കോടതിയിലേക്ക് അയച്ചതായി അധികൃതർ അബ്ദുറഹീമിന്റെ വക്കീൽ അബുഫൈസലിനെയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനെയും ഇന്നലെ അറിയിക്കുകയായിരുന്നു. കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇന്ത്യൻ എംബസ്സിയും ജാഗ്രതയോടെ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും രാജ്യസഭാ അംഗം അഡ്വ.ഹാരിസ് ബീരാനെയും സമിതി നേതാക്കളെയും അറിയിച്ചിരുന്നു.

ജൂലൈ രണ്ടിന് വധ ശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള വിധി വന്നതിന് ശേഷം നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യൻ എംബസിയും സമിതിയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരും വക്കീൽ അബു ഫൈസലും. ദിയാധനമായ പതിനഞ്ച് മില്യൺ സഊദി റിയാൽ മരണപ്പെട്ട അനസ് ഷഹരിയുടെ കുടുംബത്തിന് കോടതി മുഖേന കൈമാറി കുടുംബാംഗങ്ങൾ അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചതോടെയാണ് വധ ശിക്ഷ റദ്ദ് ചെയ്തത്. കേസിലെ സ്വകാര്യ അവകാശങ്ങളിൽ പെട്ട ഈ ദൗത്യം പൂർത്തിയായതോടെ പിന്നീട് മറ്റു പൊതു അവകാശങ്ങളുടെ മേലുള്ള നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമം തുടരുകയായിരുന്നു.

പൊതു അവകാശങ്ങളുടെ മേൽ റഹീമിന്റെ പേരിൽ മറ്റു കുറ്റങ്ങളൊന്നും ഇല്ലെന്ന സത്യവാങ് മൂലമാണ് പ്രോസിക്യൂഷൻ കോടതിയിലേക്ക് അയച്ചിട്ടുള്ളത് . ലഭ്യമാകുന്ന മുറക്ക് കോടതി ഇത് പരിഗണിച്ച് മോചന ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പബ്ലിക് റൈറ്റ്സ് അനുസരിച്ചുള്ള ബാക്കി നടപടിക്രമങ്ങളും പൂർത്തിയാക്കണം. കോടതി മോചന ഉത്തരവ് പുറപ്പെടുവിച്ചാൽ ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ജവാസാത്ത് (പാസ്സ്‌പോർട്ട് വിഭാഗം) ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് ഇന്ത്യൻ എംബസി യാത്ര രേഖ നൽകുന്നതോടെ റഹീമിന് ജയിൽ മോചിതനായി രാജ്യം വിടാനാകുമെന്ന് പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂർ പറഞ്ഞു.

webdesk14: