ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ ഏറ്റവും വേഗത്തില്‍ 100 ഗോള്‍ എന്ന നേട്ടമാണ് സിറ്റി സ്വന്തം പേരിലാക്കിയത്. വെസ്റ്റ്ഹാമിനെതിരായ മത്സരത്തിലെ രണ്ടാം ഗോളോടെയാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം നാഴികക്കല്ല് പിന്നിട്ടത്. 35-ാം മത്സരത്തിലാണ് ഈ നേട്ടം.
മത്സരത്തിനു മുമ്പ് 98 ഗോളുണ്ടായിരുന്ന സിറ്റി ലിറോയ് സാനെയിലൂടെയാണ് 99-ലെത്തിയത്. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ പാബ്ലോ സബലേറ്റയുടെ ദൗര്‍ഭാഗ്യകരമായ ഓണ്‍ ഗോള്‍ ആണ് സിറ്റിയെ സെഞ്ച്വറിയിലെത്തിച്ചത്.
ഇത് നാലാം തവണയാണ് ഒരു ടീം പ്രീമിയര്‍ ലീഗില്‍ ഗോളുകളില്‍ മൂന്നക്കം കടക്കുന്നത്. 2009-10 സീസണില്‍ ചെല്‍സിയും 2013-14 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും നൂറ് കടന്നു. രണ്ട് സീസണില്‍ നൂറിലധികം ഗോള്‍ നേടുന്ന ഏകടീം എന്ന റെക്കോര്‍ഡും സിറ്റിയുടെ പേരിലായി.
21 ഗോളുകളുമായി അര്‍ജ
ന്റീനാ താരം സെര്‍ജിയോ അഗ്വേറോ ആണ് സിറ്റിയുടെ ടോപ് സ്‌കോറര്‍. റഹീം സ്റ്റര്‍ലിങ്ങിന് 18 ഗോളുണ്ട്. ഗബ്രിയേല്‍ ജീസസ് (11), ഡേവിഡ് സില്‍വ (9), ലിറോയ് സാനെ (9), കെവിന്‍ ഡിബ്രുയ്‌നെ (8) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.