ജോഹന്നാസ്ബര്‍ഗ്ഗ്: ആദ്യ രണ്ട് ടെസ്റ്റിലും അമ്പേ തോറ്റിരിക്കുന്നു-പരമ്പരയും നഷ്ടമായിരിക്കുന്നു. ഒരു ടെസ്റ്റ് കൂടി ബാക്കി-അത് നാളെ ആരംഭിക്കുന്നു. വാണ്ടറേഴ്‌സ് എന്ന അതിവിഖ്യാത പേസ് കൊട്ടാരത്തില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ജയിക്കുന്നത് കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലിക്ക് നന്നായി അറിയാം. ജയിച്ചില്ലെങ്കിലും പക്ഷേ തോല്‍ക്കുന്നത് അദ്ദേഹത്തിന് ഭീകരമായ ക്ഷീണമാവും. ആ സത്യം തിരിച്ചറിഞ്ഞ് കൊണ്ട് മാനം കാക്കുക എന്ന മുദ്രാവാക്യത്തില്‍ ഇന്നലെ തന്നെ ടീം പരിശീലനം സജീവമാക്കി. നാല് മണിക്കൂറാണ് ജോഹന്നാസ്ബര്‍ഗ്ഗിലെ നല്ല വെയിലില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തിയത്. സാധാരണ ഗതിയില്‍ മല്‍സരത്തിന്റെ തലേ ദിവസം മാത്രമാണ് നെറ്റ് പ്രാക്ടീസ് ഉണ്ടാവുക. പക്ഷേ സ്ഥിതിഗതികളുടെ ഗൗരവം ബോധ്യമായത് കൊണ്ട് തന്നെയാണ് തോല്‍ക്കരുത് എന്ന വ്യക്തമായ ലക്ഷ്യത്തില്‍ മുന്നൊരുക്കം നടത്തുന്നത്. രാവിലെ മൂന്ന് പേരായിരുന്നു കാര്യമായി പ്രാക്ടീസ് വേദിയില്‍ ഉണ്ടായിരുന്നത്-മുന്‍നിര ബാറ്റ്‌സ്മാന്മാരായ കെ.എല്‍ രാഹുലും മുരളി വിജയും ചേതേശ്വര്‍ പൂജാരയും. ഇവര്‍ക്ക് ഇന്ത്യയില്‍ നിന്നെത്തിയ നെറ്റ് പ്രാക്ടീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞ് കൊടക്കുമ്പോള്‍ മറ്റ് മൂന്ന് പേര്‍ കൂറെ മാറി നിന്ന് ചര്‍ച്ചകളിലായിരുന്നു. വിരാത് കോലിയും അജിങ്ക്യ രഹാനെയും ഹാര്‍ദിക് പാണ്ഡ്യയും. മൂന്ന് പേരും മുക്കാല്‍ മണിക്കൂറോളം സഗൗരവ ചര്‍ച്ചയിലായിരുന്നു- ഒരു ചിരി പോലും കാണാത്ത ഗൗരവ ഭാഷണം. തുടര്‍ന്ന് മൂന്ന് പേരും ബാറ്റിംഗ് പ്രാക്ടീസിനിറങ്ങി. നാല് മണിക്കൂര്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരും മടങ്ങിയിട്ടും കോലിയും രഹാനെയും പരിശീലനം തുടര്‍ന്നു.
ഇന്ത്യന്‍ ക്യാമ്പ് നല്‍കുന്ന വ്യക്തമായ സൂചന രഹാനെ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്ന് തന്നെയാണ്. ആദ്യ രണ്ട് ടെസ്റ്റിലും വൈസ് ക്യാപ്റ്റനെ പുറത്തിരുത്തിയതിന് ധാരാളം പഴി കേട്ടിരിക്കുന്നു ടീം മാനേജ്‌മെന്റ്. രഹാനെയെ കളിപ്പിക്കാത്തതിന് കാര്യമായ ന്യായീകരണം കോലിക്കും ഹെഡ് കോച്ച് രവിശാസ്ത്രിക്കും കൊടുക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ രഹാനെ ഇന്ത്യന്‍ മധ്യനിരയിലേക്ക് വരും. അങ്ങനെ വരുമ്പോള്‍ ആരെ മാറ്റി നിര്‍ത്തുമെന്ന വലിയ ചോദ്യവും ഉയരുന്നു. രോഹിത് ശര്‍മ്മയിലേക്കാണ് ചിലര്‍ വിരല്‍ ചൂണ്ടുന്നത്. പക്ഷേ രോഹിതിനെ പോലെ ഒരാളെ പെട്ടെന്ന് മാറ്റുമ്പോള്‍ അദ്ദേഹത്തിലേക്ക് വരുന്ന ചീത്തപ്പേര് ടെസ്റ്റിന് അനുയോജ്യനല്ലാത്ത ബാറ്റ്‌സ്മാന്‍ എന്നതാവും. ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകനായിരുന്നു രോഹിത്, നന്നായി ബാറ്റ് ചെയ്യാറുണ്ട്-അദ്ദേഹത്തെ പോലെ സീനിയറായ ഒരാളെ മാറ്റുന്നതിനേക്കാള്‍ ഹാര്‍ദിക് പാണ്ഡ്യ എന്ന ആറാമനെ മാറ്റുകയാവും ഉചിതമെന്നാണ് ടീമിന് ലഭിക്കുന്ന ഉപദേശം.
ഹാര്‍ദിക് ഇത് വരെ ആറാം നമ്പറില്‍ വിശ്വസ്തനായിട്ടില്ല. കേപ്ടൗണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലെ മിന്നല്‍ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമാണ്. രണ്ടാം ടെസ്റ്റിലെ ദയനീയമായ റണ്ണൗട്ടും ബൗളര്‍ എന്ന നിലയിലെ മോശം പ്രകടനവും കൂട്ടി വായിക്കുമ്പോള്‍ ഹാര്‍ദിക്ക് പുറത്തിരിക്കാനാണ് സാധ്യത. പക്ഷേ അദ്ദേഹത്തിന് നായകന്റെ ഉറച്ച പിന്തുണയുണ്ട്. സ്പിന്നര്‍ അശ്വിനെ മാറ്റിയാലോ എന്ന ചിന്തയും ഗൗരവതരത്തില്‍ നടക്കുന്നു. വാണ്ടറേഴ്‌സ് പേസിനെ തുണക്കുന്ന സാഹചര്യത്തില്‍ നാല് സീമര്‍മാര്‍ എന്ന കോമ്പിനേഷനാണ് ആലോചിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരെ കളിപ്പിക്കാം. അശ്വിനാണ് മാറുന്നതെങ്കില്‍ ആ സ്ഥാനത്ത് ഹാര്‍ദ്ദിക്കിനും കളിക്കാം.
അശ്വിന്‍ പരമ്പരയില്‍ സാമാന്യ ഫോമിലാണ്. സെഞ്ചൂറിയനില്‍ ഇന്ത്യയെ മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും അദ്ദേഹത്തിന് വിശ്വാസ്യതയുണ്ട്. വിക്കറ്റ് കീപ്പറുടെ കാര്യത്തിലും ഇന്ത്യന്‍ ക്യാമ്പ് അസ്വസ്ഥമാണ്. വൃദ്ധിമാന്‍ സാഹ പരുക്കേറ്റ് മടങ്ങിയതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ കളിച്ചത് പാര്‍ത്ഥീവ് പട്ടേലായിരുന്നു. നല്ല ബാറ്റ്‌സ്മാനാണ് ഗുജറാത്തുകാരന്‍. പക്ഷേ രണ്ടാം ടെസ്റ്റില്‍ നിര്‍ണായകമായ വേളയില്‍ രണ്ട് ക്യാച്ചുകള്‍ അദ്ദേഹം നിലത്തിട്ടതോടെയാണ് പ്രശ്‌നമായത്. സാഹക്ക് പകരം ടീമിലെത്തിയ ദിനേശ് കാര്‍ത്തിക്കിന് മൂന്നാം ടെസ്റ്റില്‍ അവസരം നല്‍കാനും മാനേജ്‌മെന്റിന് മടിയുണ്ട്. കാരണം സമീപകാലത്തായി കാര്‍ത്തിക് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. അത്തരമൊരാളെ നിര്‍ണായകമായ ഒരു മല്‍സരത്തില്‍ രംഗത്തിറക്കണമോ എന്ന ചോദ്യമാണുള്ളത്. ടീമിന്റെ കാര്യത്തില്‍ ഇന്ന് ടീം മാനേജ്‌മെന്റ് അന്തിമ തീരുമാനമെടുക്കും.