X
    Categories: CultureViews

രഹാനെക്ക് സെഞ്ച്വറി; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 105 റണ്‍സ് ജയം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിലുണ്ടായിട്ടും കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ പോയതിന്റെ നിരാശ സെഞ്ച്വറിയുമായി അജിങ്ക്യ രഹാനെ തീര്‍ത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 105 റണ്‍സ് ജയം. മഴ കാരണം 43 ഓവര്‍ ആക്കി കുറച്ച മത്സരത്തില്‍ രഹാനെക്കു (103) പുറമെ ശിഖര്‍ ധവാന്‍ (63), വിരാട് കോഹ്ലി (87) എന്നിവരുടെ കൂടി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 310 റണ്‍സാണ് അടിച്ചെടുത്തത്. വിന്‍ഡീസിന്റെ ഇന്നിങ്‌സ് ആറു വിക്കറ്റിന് 205-ല്‍ അവസാനിച്ചു. അരങ്ങേറ്റ താരം കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. രഹാനെയാണ് കളിയിലെ കേമന്‍.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്ടന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇന്ത്യയെ ബാറ്റിങിയനക്കുകയായിരുന്നു. 19-ാം ഓവര്‍ വരെ ക്രീസില്‍ നിന്ന രഹാനെ – ധവാന്‍ ഓപണിങ് സഖ്യം 114 റണ്‍സടിച്ച് കരുത്തു തെളിയിച്ചപ്പോള്‍ ധവാനെ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന്റെ കൈകളിലെത്തിച്ച് ആഷ്‌ലി നഴ്‌സ് ആണ് ആദ്യ വിക്കറ്റെടുത്തത്. മൂന്നാമനായിറങ്ങിയ കോഹ്ലിയും തകര്‍പ്പന്‍ ഇന്നിങ്‌സ് ആണ് കാഴ്ചവെച്ചത്. രണ്ടാം വിക്കറ്റ് സഖ്യം 34-ാം വരെ നീണ്ടു.

102 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറുമടക്കം മൂന്നക്കം കണ്ട രഹാനെ മിഗ്വേല്‍ കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡ് ആകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 211-ലെത്തിയിരുന്നു. പിന്നീട് വന്ന ഹര്‍ദീക് പാണ്ഡ്യ (4), യുവരാജ് സിങ് (14) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്നപ്പോള്‍ കോഹ്ലിക്ക് സെഞ്ച്വറി നഷ്ടമായത് ഇന്ത്യന്‍ ക്യാംപിലെ നിരാശയായി. 66 പന്തില്‍ നാലു വീതം സിക്‌സറും ബൗണ്ടറിയുമടിച്ച ക്യാപ്ടന്‍ (87) അസ്ലാശി ജോസഫിന്റെ പന്തില്‍ നഴ്‌സിന് ക്യാച്ച് നല്‍കി മടങ്ങി. എം.എസ് ധോണി (13), കേദാര്‍ ജാദവ് (13) എന്നിവര്‍ പുറത്താകാതെ നിന്നു.

ആദ്യ ഓവറില്‍ തന്നെ കീറണ്‍ പവലിനെ (0) ധോണിയുടെ കൈകളിലെത്തിച്ചും മൂന്നാം ഓവറില്‍ ജേസണ്‍ മുഹമ്മദിനെ (0) പാണ്ഡ്യയെക്കൊണ്ട് പിടിപ്പിച്ചും ഭുവനേശ്വര്‍ കുമാര്‍ വിന്‍ഡീസിന് ആഘാതമേല്‍പ്പിച്ചു. ഷായ് ഹോപ്പ് (81) ഒരറ്റത്ത് മികച്ച ഇന്നിങ്‌സ് പുറത്തെടുത്തെങ്കിലും മറുവശത്ത് വേഗതയില്‍ സ്‌കോര്‍ ചെയ്യാന്‍ ആര്‍ക്കും കഴിയാതിരുന്നത് വിന്‍ഡീസിന് തിരിച്ചടിയായി. എവിന്‍ ലൂയിസ് (21), ജൊനാതന്‍ കാര്‍ട്ടര്‍ (13), ജേസണ്‍ ഹോള്‍ഡര്‍ (29) എന്നിവര്‍ക്കൊന്നും വലിയ ഇന്നിങ്‌സ് കളിക്കാനായില്ല. റോസ്റ്റന്‍ ചേസ് (33), ആഷ്‌ലി നേഴ്‌സ് (19) എന്നിവര്‍ പുറത്താവാതെ നിന്നു. കുല്‍ദീപ് യാദവ് 50 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ ഇതോടെ 0-1 മുന്നിലെത്തി. നേരത്തെ ആദ്യ മത്സരം മഴ കാരണം പൂര്‍ത്തായാക്കാതെ ഉപേക്ഷിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: