ക്യാപ്ടൻ അജിങ്ക്യ രഹാനെ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ചപ്പോൾ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് നിർണായക ലീഡ്. ഒന്നാം ദിവസം ആതിഥേയരെ 195-ൽ പുറത്താക്കിയ ഇന്ത്യ ഇന്ന് സ്റ്റംപെടുക്കുമ്പോൾ അഞ്ചിന് 277 എന്ന ശക്തമായ നിലയിലാണ്. ഓസീസിനേക്കാൾ 85 റൺസ് മുന്നിലുള്ള ഇന്ത്യക്കു വേണ്ടി രഹാനെയും (104) രവീന്ദ്ര ജഡേജയും (40) ക്രീസിലുണ്ട്.
ഒന്നിന് 36 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഇന്ന് മികച്ച ദിനമായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ശുഭ്മാൻ ഗിൽ (45) സ്‌കോർ ബോർഡിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയപ്പോൾ പുജാര (17) പ്രതിരോധത്തിന്റെ പാതയിലായിരുന്നു. ഗില്ലിനെയാണ് ഇന്ത്യക്കിന്ന് ആദ്യം നഷ്ടമായത്. 65 പന്തിൽ എട്ട് ബൗണ്ടറി നേടിയ താരം കമ്മിൻസിന്റെ പന്തിൽ കീപ്പർക്ക് ക്യാച്ച് നൽകി പുറത്തായി. തന്റെ അടുത്ത ഓവറിൽ കമ്മിൻസ് പുജാരയെയും ടിം പെയ്‌നിന്റെ കൈകളിലെത്തിച്ചപ്പോൾ കളി ഇന്ത്യക്കെതിരാവുകയാണെന്ന് തോന്നി.
എന്നാൽ രഹാനെയും ഹനുമ വിഹാരിയും (21) ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. സ്‌കോർ 116-ൽ നിൽക്കെ ലിയോണിന്റെ പന്തിലാണ് വിഹാരി പുറത്തായത്. ഋഷഭ് പന്ത് (29) പുറത്താകുമ്പോൾ ഇന്ത്യ ഓസ്‌ട്രേലിയൻ ടോട്ടലിന് ഏറെക്കുറെ അടുത്തെത്തിയിരുന്നു.
രവീന്ദ്ര ജഡേജ താൽക്കാലിക ക്യാപ്ടന് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യക്ക് എതിരാളികൾക്കു മേൽ മാനസിക ഏകാധിപത്യം നേടാനായി. 30-ലേറെ ഓവറുകൾ നേരിട്ട ഇരുവരും ഓസ്‌ട്രേലിയയുടെ പേസ് അറ്റാക്കിന് പിടികൊടുത്തില്ല. വിക്കറ്റുകൾക്കിടയിലൂടെ ഓടി റണ്ണെടുത്ത് ആതിഥേയരെ സമ്മർദത്തിലാക്കാനും ഇരുവർക്കുമായി. രഹാനെ അമിത പ്രതിരോധത്തിലൂന്നാതെ സ്വതസിദ്ധമായ രീതിയിൽ കളിച്ചപ്പോൾ ജഡേജക്കായിരുന്നു ആങ്കർ റോൾ.
195 പന്തിലാണ് രഹാനെ തന്റെ കരിയറിലെ 12-ാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഹേസൽവുഡിനെ ബാക്ക്‌വാർഡ് പോയിന്റിലൂടെ ബൗണ്ടറി കടത്തി മൂന്നക്കത്തിലെത്തിയ താരം 12 ബൗണ്ടറി നേടിയിരുന്നു. 104 പന്ത് നേരിട്ട ജഡേജ ഒരൊറ്റ ബൗണ്ടറിയേ നേടിയുള്ളൂ.
മെൽബണിലെ മത്സരം രണ്ട് ദിവസം പിന്നിട്ടപ്പോൾ ഇന്ത്യക്കാണ് നിലവിൽ മുൻതൂക്കം. അഞ്ച് വിക്കറ്റുകൾ കൂടി കൈയിലിരിക്കെ പരമാവധി റൺസ് നേടുക എന്നതാവും നാളെ സന്ദർശകരുടെ പ്ലാൻ. രഹാനെയും ജഡേജയും എത്രനേരം ക്രീസിൽ തുടരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയസാധ്യത. അതേസമയം, വിക്കറ്റുകൾ വേഗം വീഴ്ത്തി രണ്ടാം ഇന്നിങ്‌സിൽ കരുതലോടെ ബാറ്റ് ചെയ്യാനാവും ആതിഥേയർ മുതിരുക.