ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി രണ്ടാം പ്രതി. കര്‍ണാടക സിസിബി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ വിരന്‍ ഖന്ന മൂന്നും, വ്യവസായി രാഹുല്‍ പതിനൊന്നാം പ്രതിയുമാണ്. കന്നഡ സിനിമാരംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
നടിയുടെ വീട്ടില്‍ പുലര്‍ച്ചെ പൊലീസ് പരിശോധനയും നടത്തിയിരുന്നു. അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം നടി ബെംഗളൂരുവിലെ വീട്ടില്‍ ഡ്രഗ് പാര്‍ട്ടി നടത്തിയെന്നാണ് കണ്ടെത്തല്‍. രാസലഹരിവസ്തുവായ എംഎഡിഎംഎ ഈ നിശാപാര്‍ട്ടിയിലാണ് ഉപയോഗിച്ചത്.
കന്നഡ സിനിമാതാരം സഞ്ജന ഗില്‍റാണിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇവരേയും അന്വേഷണസംഘം ചോദ്യം ചെയ്തത്.