ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഉപഭോഗത്തിലും വ്യവസായ നിക്ഷേപത്തിലും ഉണ്ടാവുന്ന ഇടിവ് കൂടുതല്‍ അസ്വസ്ഥ സാഹചര്യങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അതേസമയം രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ കഴിഞ്ഞ മോദിസര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തിയിരുന്നു. അരുണ്‍ ജെയ്റ്റ്ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈക്കൊണ്ട തെറ്റായ നടപടികളാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണമായതെന്ന് തുറന്നടിച്ചു. അരുണ്‍ ജെയ്റ്റ്ലി ആരോഗ്യനില വഷളായി ഡല്‍ഹി എയിംസില്‍ കഴിയവരെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ രൂക്ഷമായ വിമര്‍ശനമെന്നതും എടുത്തുപറയേണ്ടതാണ്. എന്നാല്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെയും സ്വാമി കുറ്റപ്പെടുത്തി. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പലിശ നിരക്ക് ഉയര്‍ത്തിയതും മാന്ദ്യത്തിന് കാരണമായെന്നാണ് വിമര്‍ശനം.
മാന്ദ്യം മുറുകി കമ്പനികള്‍ പൂട്ടുകയും തൊഴിലാളികള്‍ വഴിയാധാരമാവുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം അപകടകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.