X
    Categories: indiaNews

രോഗി ശോഷിച്ചുപോയാല്‍ ഉത്തേജനത്തിന് ഒരു പ്രയോജനവുമുണ്ടാകില്ല; കേന്ദ്രത്തിന് മുന്നറിയിപ്പുമായി രഘുറാം രാജന്‍

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞതില്‍ കടുത്ത ആശങ്കയറിയിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തെ സാമ്പത്തിക രംഗം അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും അവരുടെ ആത്മസംതൃപ്തിയില്‍ ഭയക്കണമെന്നും ആശ്വാസപദ്ധതികള്‍ അനിവാര്യമാണെന്നും സാമ്പത്തിക വിദഗ്ധനായ അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും ജി.ഡി.പി കണക്കുകള്‍ പരിഷ്‌കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പദ്വ്യവസ്ഥ ശോഷിക്കാതിരിക്കാന്‍ നിര്‍ണായക ഉത്തേജനം വേണമെന്നും
സര്‍ക്കാരിന്റെ സമീപനം മാറ്റേണ്ടതുണ്ടെന്നും കൂടുതല്‍ ധനപരമായ നടപടികള്‍ പ്രഖ്യാപിക്കാന്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ജിഡിപി 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയില്‍ കോവിഡ് കാരണമുള്ള പ്രതിസന്ധികള്‍ വര്‍ധിക്കാന്‍ പോവുകയാണ്.  അത് ഇന്ത്യയെ വല്ലാതെ വലയ്ക്കും. ചെലവുകള്‍ കുറയ്ക്കാന്‍ പലരെയും ഇത് പ്രേരിപ്പിക്കും. കോവിഡ് നിയന്ത്രണ വിധേയമാവുന്നത് വരെ ഇന്ത്യക്കാര്‍ വലിയ രീതിയില്‍ ചെലവ് കുറയ്ക്കുമെന്നും രാജന്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് ഘടനയെ സംരക്ഷിച്ച് നിര്‍ത്താന്‍ സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക പാക്കേജുകള്‍ അത്യാവശ്യമാണ്. നിലവില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകള്‍ വളരെ തുച്ഛമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരുടെ വീടുകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍, ചെറുകിട-ഇടത്തരം വ്യാപാരങ്ങള്‍ക്ക് വായ്പ എന്നിവ പോരെന്നാണ് രാജന്റെ വിമര്‍ശനം.

സര്‍ക്കാര്‍ ഇപ്പോഴത്തെ സമീപനം മാറ്റണം. കൂടുതല്‍ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ മോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടാവണം. ഇന്ത്യയില്‍ മധ്യവര്‍ത്തി വിഭാഗം ചെലവിടുന്നത് വലിയ രീതിയില്‍ കുറയ്ക്കും. അത് ഇന്ത്യക്ക് കൂടുതല്‍ പ്രതിസന്ധികളാണ് സമ്മാനിക്കുക. ഇവര്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. ചെറുകിട റെസ്റ്റോറന്റുകള്‍ അടക്കമുള്ളവ തൊഴിലാളികള്‍ക്ക് പണം നല്‍കാനാവാത്ത സാഹചര്യത്തിലെത്തും. കടബാധ്യത വര്‍ധിച്ച് ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടുന്നതിലേക്ക് എത്താതിരിക്കാന്‍ സര്‍ക്കാരിന്റെ പാക്കേജ് ആവശ്യമാണെന്നും രാജന്‍ പറഞ്ഞു.

ഇന്ത്യയില്‍ മഹാമാരി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് ഏറ്റവും മോശമായി ബാധിച്ച വികസിത രാജ്യങ്ങളായ യുഎസ്, ഇറ്റലി എന്നിവിടങ്ങളില്‍ സമ്പദ്വ്യവസ്ഥയില്‍ വലിച്ചില്‍ ഉണ്ടായെങ്കിലും അവരേക്കാള്‍ ഇന്ത്യയുടെ അവസ്ഥ മോശമാണ്. റസ്റ്ററന്റുകള്‍ പോലുള്ള സേവനങ്ങള്‍, അതുമായി ബന്ധപ്പെട്ട തൊഴിലുകള്‍ തുടങ്ങിയവ വൈറസ് ബാധ ഒഴിയാതെ പൂര്‍ണമായി പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ആണ് ഏറ്റവും പ്രധാനം. ആശ്വാസ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യത ‘ഗുരുതരമായി നശിക്കുമെന്നും’ സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ പ്രതിരോധത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈറസിനെ നിയന്ത്രിച്ചുനിര്‍ത്തിയാല്‍ ഇന്ത്യക്ക് അതു ഉത്തേജനമാകുമെന്നു വിശ്വസിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴുള്ള തകര്‍ച്ചയെ കുറച്ചുകാണുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭീതിജനകമായ സമ്പദ്വ്യവസ്ഥയാണ് വരാന്‍ പോകുന്നത്. വി ഷേപ്ഡ് റിക്കവറിയാണ് വരാന്‍പോകുന്നതെന്ന് അവകാശപ്പെടുന്നവര്‍ യുഎസിലേക്ക് നോക്കണമെന്നും അവര്‍ ഭയക്കുന്നത് എന്തുകൊണ്ടാണെന്നെങ്കിലും ചിന്തിക്കണമെന്നും പറഞ്ഞു.

സമ്പദ്വ്യവസ്ഥയെ ഒരു രോഗിയായി കണക്കാക്കിയാല്‍ രോഗക്കിടക്കയില്‍ രോഗത്തോടു പോരാടുന്നയാള്‍ക്ക് ആവശ്യം ആശ്വാസമാണ്. ആശ്വാസ നടപടികള്‍ ഇല്ലെങ്കില്‍ ഭക്ഷണം ലഭ്യമല്ലാതാകും, കുട്ടികള്‍ സ്‌കൂളില്‍പ്പോകാതാകും, ബാലവേലയ്ക്കു വിടും, അതുമല്ലെങ്കില്‍ യാചിക്കാന്‍ വിടും, സ്വര്‍ണം പണയം വയ്ക്കും, ഇഎംഐ, വാടക കുടിശ്ശികകള്‍ കൂടിക്കിടക്കും. ചെറിയ റസ്റ്ററന്റ് പോലുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തകര്‍ന്നുപോകും. രോഗത്തെ പിടിച്ചുനിര്‍ത്തുമ്പോഴേക്കും രോഗി ഒരു പുറംമോടി മാത്രമായി മാറിയിരിക്കും.

അതിനാല്‍ ഒരു ടോണിക് പോലെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം വേണം. രോഗി ശോഷിച്ചുപോയാല്‍ ഉത്തേജനത്തിന് ഒരു പ്രയോജനവും ഉണ്ടാകില്ല. വാഹനവ്യവസായം പോലുള്ള മേഖലകള്‍ ഇപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നുണ്ട്. അതൊരിക്കലും ഒരു വിഷേപ്പ് തിരിച്ചുവരവിന്റെ തെളിവല്ല, ആ മാറ്റം നിലനില്‍ക്കുന്നതല്ലെന്നും രാജന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയ്ക്ക് ശക്തമായ വളര്‍ച്ചയാണ് ആവശ്യം. യുവാക്കളെ തൃപ്തിപ്പെടുത്തുന്നവ മാത്രമല്ല, സൗഹൃദത്തിലല്ലാത്ത അയല്‍ക്കാരെ സുരക്ഷിത അകലത്തില്‍ നിര്‍ത്തുകയും വേണം. വിവിധ മേഖലകളില്‍ വളരെയധികം പണിയെടുക്കുന്ന സര്‍ക്കാറും ഉദ്യോഗസ്ഥരും അവരുടെ ആത്മസംതൃപ്തിയില്‍ ഭയ്ക്കണം, അവരുടെ പ്രവര്‍ത്തനം പ്രയോജനപ്രദമായ രീതിയിലേക്ക് മാറ്റണം. സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് തകര്‍ന്നടിയുമെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് ജി.ഡി.പിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. 1996മുതല്‍ ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ജി.ഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളാണ് കണക്കുകള്‍ അടയാളപ്പെടുത്തുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം വളര്‍ച്ചനേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ജി.ഡി.പി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു.

 

chandrika: