X

മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തലപ്പത്തേക്ക്

ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രമുഖ കേന്ദ്ര ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേക്ക് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ എത്താന്‍ സാധ്യത. ഇംഗ്ലണ്ടിലെ പ്രമുഖ സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ബ്രിട്ടീഷ്‌കാരനല്ലാത്ത ഒരാള്‍ വരുന്നത് തള്ളിക്കളയാന്‍ കഴിയില്ല എന്നാണ് പത്രത്തിലെ ലേഖനത്തില്‍ പറയുന്നത്. സാധ്യത കല്‍പിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ വലിയ പ്രാധാന്യമാണ് രാജന് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രൂ ബെയ്‌ലി, ബെന്‍ ബ്രോഡ്‌ബെന്റ്, ഇന്ത്യന്‍ വംശജയായ ബാരോണ്‍സ് ശ്രിതീ വധേര, ആന്‍ഡി ഹാള്‍ഡനെ, മിനോച്ചി ഷാഫി എന്നീ പേരുകളാണ് രഘുറാം രാജനൊപ്പം ഫിനാന്‍ഷ്യല്‍ ടൈംസ് മുന്നോട്ട് വച്ചിരിക്കുന്നത്. കാനേഡിയന്‍ പൗരനായ മാര്‍ക്ക് കാര്‍ണിയാണ് നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍. എട്ടു വര്‍ഷമാണ് കാലാവധി. പക്ഷെ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം സ്വയം സ്ഥാനം ഒഴിയുകയാണ്. അടുത്ത വര്‍ഷമാണ് അദ്ദേഹം സ്ഥാനം ഒഴിയുക. ഈ സാഹചര്യത്തിലാണ് പുതിയ ഗവര്‍ണറെ തേടുന്നത്. ഐ.എം എഫ്, ലോക ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുള്ള രഘുറാം രാജനാണ് പത്രം കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രഫസറായ അദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ കര്‍ശന അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ച അദ്ദേഹത്തെ മോദി സര്‍ക്കാര്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കാലാവധി നീട്ടികൊടുക്കാതെ ഒഴിവാക്കുകയായിരുന്നു. സാമ്പത്തിക രംഗത്തെ പല കാര്യങ്ങളിലും സര്‍ക്കാരുമായി അദ്ദേഹത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു.

chandrika: