ടിക്കിടാക്ക കൈമോശം വന്നിട്ടില്ലെന്നറിയിച്ച സൂപ്പര്‍ ഗോളില്‍ ഗ്രനാഡക്കെതിരെ ബാര്‍സലോണക്ക് ജയം. സീസണിലെ ഗോളടി മികവ് തുടര്‍ന്ന ബ്രസീലുകാരന്റെ മികവില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാര്‍സ ജയിച്ചത്. ജയത്തോടെ പോയിന്റ് ടേബിളില്‍ അത്‌ലറ്റിക്കോയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും ബാര്‍സക്കായി.
കഴിഞ്ഞ മത്സരത്തില്‍ വലന്‍സിയക്കെതിരെ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വമ്പന്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബാര്‍സക്ക് പക്ഷെ ഹോംഗ്രൗണ്ടില്‍ മത്സരം അത്ര എളുപ്പമായിരുന്നില്ല. ഗോളടിക്കാനനുവിദിക്കാതെ ആദ്യ പകുതിയില്‍ പിടിച്ചു നിന്ന അവര്‍ക്ക് പക്ഷെ 48ാം മിനിറ്റില്‍ ചെറുതായൊന്ന് പിഴച്ചു.
ബാര്‍സയുടെ ഹാഫില്‍ നിന്നും തട്ടിത്തുടങ്ങിയ പന്ത് 17ഓളം പാസുകള്‍ക്കൊടുവില്‍ ഉജ്വല ഗോളിലാണ് കലാശിച്ചത്. നെയ്മറുടെ പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ അക്രോബാറ്റിക് മികവിലൂടെ റഫീഞ്ഞ ഗോളാക്കി മാറ്റുകയായിരുന്നു.
സീസണില്‍ 10 മത്സരങ്ങളില്‍ 24 പോയിന്റോട് റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 22 പോയിന്റോടെ ബാര്‍സ രണ്ടാം സ്ഥാനത്തും 21 പോയിന്റുള്ള അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തുമാണ്.