X

ഇതാണ് നമ്മുടെ റാഫിച്ച; കലക്കി ബ്ലാസ്റ്റേര്‍സ്‌

തേര്‍ഡ് ഐ

മഡ്ഗാവില്‍-അതും ഗ്യാലറി നിറഞ്ഞ ഗോവക്കാര്‍ക്ക് മുന്നില്‍ കിടിലന്‍ ജയം. അന്റോണിയോ ഹ്യൂസിന്റെ കുട്ടികളില്‍ നിന്ന് കേരളത്തിന്റെ കാല്‍പ്പന്ത് ലോകം പ്രതീക്ഷിക്കുന്നത് ഈ സൂപ്പര്‍ ഫുട്ബോളാണ്. കളം നിറഞ്ഞ കളി, രണ്ട് ഗോളുകള്‍-മൂന്ന് പോയന്റ്. ഗോവന്‍ നാട്ടില്‍ ഗോവക്കാരെ തോല്‍പ്പിക്കുക എളുപ്പമുളള ജോലിയല്ലാതിരുന്നിട്ടും, ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്നിട്ടും സച്ചിന്റെ ടീം തല താഴ്ത്താതെ കളിച്ചതിനാണ് നൂറ് മാര്‍ക്ക്. പോയ സീസണില്‍ നാല് ഗോളുകള്‍ നേടി അരങ്ങ് തകര്‍ത്ത കാസര്‍ക്കോട്ടുകാരന്‍ റാഫിച്ച പുതിയ സീസണില്‍ ഗോള്‍പ്പട്ടിക തുറന്നത് മിന്നും ഫ്‌ളിക്കിലൂടെ.

ബെല്‍ഫോര്‍ട്ടിലെ കഠിനാദ്ധ്വാനി് പലവട്ടം പിഴച്ചിട്ടും അതിനെല്ലാം പ്രായശ്ചിത്തം ചെയ്ത് മൂന്ന് പേരെ കട്ട് ചെയ്ത് ബോക്‌സില്‍ കയറി പായിച്ച ഷോട്ടിലുമുണ്ട് ചന്തമേറെ. ജൂലിയോ സീസറുടെ ഗോളില്‍ മുന്നില്‍ കടന്നിട്ടും മല്‍സര വളയം പിടിക്കാന്‍ കഴിയാത്ത ഗതികേടിലും ഗോവക്കാര്‍ മോശക്കാരായിരുന്നില്ല. മൈക്കല്‍ ചോപ്രയെ അവര്‍ കൃത്യമായങ്ങ് പൂട്ടി. ചോപ്രയും പിറകെ മുഹമ്മദ് റഫീക്കും പരുക്കുമായി മടങ്ങിയത് കേരളാ ക്യാമ്പിന് ക്ഷീണമായിട്ടും ജിങ്കാനും ഹ്യൂസും ഹെങ്ബാര്‍ത്തും ഹോസുമെല്ലാം ഉള്‍പ്പെടുന്ന പ്രതിരോധത്തിന് അവസാനത്തില്‍ പിന്തുണ നല്‍കാന്‍ നോണ്‍ പ്ലെയിംങ് നായകന്റെ റോള്‍ വഹിക്കുന്ന മെഹ്ത്താബ് കൂടിയെത്തിയതോടെ എല്ലാം ഭദ്രമായി.

സീസണില്‍ ഏവേ മല്‍സരത്തിലെ ആദ്യ വിജയമാണിത് ബ്ലാസ്‌റ്റേഴ്‌സിന്. ടേബിളിലിപ്പോള്‍ ആറ് കളികളില്‍ എട്ട് പോയന്റുമായി ആറാം സ്ഥാനത്ത്. ഈ കളിയാണ് വേണ്ടത്-പ്രതിയോഗികളെ ബഹുമാനിക്കുകയും ഒപ്പം ആക്രമിക്കുകയും ചെയ്യണം. എവേ മല്‍സരത്തില്‍ സമനില ലക്ഷ്യമിട്ട് കളിക്കുമ്പോഴും അവസരങ്ങളെ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ വിജയിക്കാം. ഉഗ്രന്‍ ഫുട്‌ബോളാണ് 96 മിനുട്ടും ബ്ലാസ്‌റ്റേഴ്‌സ് കാഴ്ച്ചവെച്ചത്. സീസറുടെ ഗോളിലൊരു പ്രതിരോധ പിഴവുണ്ടായിരുന്നു. ഉയരക്കാരനായ അദ്ദേഹത്തെ മാര്‍ക്ക് ചെയ്യാന്‍ ഉയരം കുറഞ്ഞ ഹോസുവിനായില്ല.

ഗ്രിഗറിയെ പോലുളള ഗോവന്‍ നായകന്‍ കാട്ടിയ അബദ്ധങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും പിഴവ് പറ്റി. ഭാഗ്യത്തിനാണ് സെല്‍ഫ് ഗോളില്‍ നിന്നും ഗ്രിഗറിയും ഗോവയും രക്ഷപ്പെട്ടത്. ഏത് സമയത്തും ആക്രമണം മെനഞ്ഞ് പ്രതിയോഗികളുടെ ബോക്‌സിലേക്ക് ഊളിയിട്ട് കയറുന്ന ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരക്കും ഗോളടിക്കുകയാണ് മുന്‍നിരക്കാരുടെ ജോലിയെന്ന് തെളിയിച്ച മുന്‍നിരക്കാര്‍ക്കും അഭിമാനിക്കാവുന്ന മല്‍സരം. ഈ ആത്മവിശ്വാസം നിലനില്‍ക്കട്ടെ.

chandrika: