X

റാഫേല്‍ ഇടപാടില്‍ വികൃതമാകുന്ന മോദി

 

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണത്തിന്റെ മുനയിലാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഫേല്‍ യുദ്ധ വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ അഴിമതി നടന്നെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചതോടെ പ്രശ്‌നത്തിന് രാഷ്ട്രീയ മാനം കൈവരുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് 526 കോടി രൂപക്ക് വാങ്ങാമെന്നേറ്റ ഒരു യുദ്ധ വിമാനത്തിന് മോദി നല്‍കുന്നത് 1570 കോടി രൂപയാണ്. 54,000 കോടി രൂപക്ക് 126 വിമാനങ്ങള്‍ സമ്മതിച്ചിരുന്ന കമ്പനി ഇപ്പോള്‍ നല്‍കാമെന്നേറ്റത് 36 വിമാനങ്ങളാണ്. ഇതിനായി നല്‍കേണ്ടത് 59,000 കോടിയും.
ഫ്രാന്‍സിലെ ദസാള്‍ട് ഏവിയേഷനുമായി റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഉണ്ടാക്കിയ കരാറാണ് നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എല്ലാ കാലത്തും വന്‍ കോളിളക്കങ്ങള്‍ക്കു തിരികൊടുത്തത് പ്രതിരോധ മേഖലയിലെ അഴിമതികള്‍ ആണെന്നിരിക്കെ, റാഫേല്‍ വിമാനക്കരാര്‍ സര്‍ക്കാരിനുണ്ടാക്കാന്‍ പോകുന്ന പ്രതിച്ഛായാ നഷ്ടം ചെറുതാകില്ല. വിമാനം വാങ്ങാന്‍ നല്‍കിയ തുക വെളിപ്പെടുത്താനാകില്ല എന്ന പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനമാണ് വിവാദങ്ങളെ പുതിയ തലത്തിലേക്ക് എത്തിച്ചത്. ബംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് (എച്ച്.എ.എല്‍) ലഭിക്കേണ്ടിയിരുന്ന നിര്‍മാണ കരാര്‍ എന്തുകൊണ്ട് ഈ രംഗത്ത് പറയത്തക്ക യാതൊരു പരിചയവും ഇല്ലാത്ത റിലയന്‍സ് എയ്‌റോസ്‌പേസിന് കൊടുത്തു എന്നതായിരുന്നു ഒരു ചോദ്യം. 126 വിമാനങ്ങള്‍ വാങ്ങാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത് 60000 കോടി രൂപക്കായിരുന്നു. എന്നാല്‍ വെറും 36 വിമാനങ്ങള്‍ക്ക് 54000 കോടി രൂപ നല്‍കി പൊതു ഖജനാവിന് നഷ്ടം വരുത്തി എന്നതായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ചത്.
ഇതിനു മറുപടിയായാണ് വില വെളിപ്പെടുത്താനാകില്ല എന്ന വാദം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഉന്നയിച്ചത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എ.എല്ലിനെയോ അതിന്റെ പ്രതിനിധികളെയോ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറേയോ സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നതും ദുരൂഹമാണ്. മോദിയും അനില്‍ അംബാനിയും മാത്രം ചേര്‍ന്ന് നടത്തിയ ഇടപാടാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 2007 ലാണ് വ്യോമസേനയുടെ പ്രഹര ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 126 അത്യന്താധുനിക യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിക്കുന്നത്. സുതാര്യമായ ടെണ്ടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ആറ് കമ്പനികളെ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തു. ഫ്രാന്‍സിലെ റാഫേല്‍, യൂറോപ്യന്‍ യൂണിയന്റെ യുദ്ധവിമാനമായ യൂറോഫൈറ്റര്‍ ടൈഫോണ്‍, സ്വീഡന്റെ സാബ്‌സ് ഗ്രിപ്പന്‍, അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്റെ വിഖ്യാതമായ എഫ് -16, മറ്റൊരു അമേരിക്കന്‍ കമ്പനിയായ ബോയിങിന്റെ എഫ് – 18 സൂപ്പര്‍ ഹോര്‍നെറ്റ്, റഷ്യയുടെ മിഗ് 35. ഇവയില്‍ നിന്നും റാഫേലിനെയും യൂറോ ഫൈറ്ററിനെയും ഏറ്റവും മികച്ച വില നല്‍കുന്നവയായതിനാല്‍ അവസാന വട്ട ചര്‍ച്ചകള്‍ക്ക് ക്ഷണിക്കുകയും 2012 ല്‍ റാഫേലുമായി കരാര്‍ ഒപ്പിടുകയും ചെയ്തു. 126 യുദ്ധ വിമാനങ്ങള്‍ക്കായിരുന്നു കരാര്‍. ഇതില്‍ 18 എണ്ണം യുദ്ധ സജ്ജമായവയും ബാക്കി എച്ച്.എ.എല്ലില്‍ വച്ച് ഫ്രഞ്ച് സാങ്കേതിക സഹായത്തോടെ തദ്ദേശീയമായി നിര്‍മ്മിക്കാനുമായിരുന്നു വ്യവസ്ഥ. ഏതാണ്ട് 20000 പുതിയ സാങ്കേതിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെ ഉള്ളതായിരുന്നു 2012 ലെ കരാര്‍. ഏതാണ്ട് അഞ്ചു വര്‍ഷത്തോളം സാങ്കേതിക പ്രതിരോധ മേഖലയിലെ വിദഗ്ധരും വ്യോമസേനയില്‍ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു കൂടിയാലോചനകള്‍ക്ക് ഉണ്ടായിരുന്നത്.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ റാഫേലുമായുണ്ടാക്കിയ പഴയ കരാര്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. ഇതിനു പിന്നാലെ 2015 ല്‍ തന്റെ പാരീസ് സന്ദര്‍ശനത്തിനിടെ ഏവരെയും അത്ഭുതപ്പെടുത്തി ഇന്ത്യ 36 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതായി അറിയിക്കുകയായിരുന്നു. എച്ച്.എ.എല്ലുമായുള്ള ധാരണ അവസാനിക്കുകയും രണ്ടു മാസം മുമ്പ് മാത്രം രൂപീകൃതമായ റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് എന്ന കമ്പനിക്ക് പുറം പണി കരാര്‍ നല്‍കാനും ധാരണയായി. (യുദ്ധസാമഗ്രികള്‍ വാങ്ങുമ്പോള്‍, മൊത്തം ചെലവാക്കിയ തുകയുടെ മുപ്പതു ശതമാനം ജോലികള്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക് നല്‍കണം എന്ന് വ്യവസ്ഥയുണ്ട്.)
പ്രതിരോധമന്ത്രിയായിരുന്ന മലയാളിയായ എ.കെ ആന്റണിയുടെ കീഴില്‍ അഞ്ചു വര്‍ഷത്തെ കൂടിയാലോചനകള്‍ക്ക് ശേഷം സുതാര്യമായ പ്രക്രിയയിലൂടെയാണ് റാഫേല്‍ കരാര്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ഉറപ്പിച്ചതെങ്കില്‍ അത്തരം വിപുലമായ കൂടിയാലോചനകള്‍ ഒന്നുമില്ലാതെയാണ് മോദി പഴയ കരാര്‍ തള്ളി പുതിയ ധാരണാപത്രം ഒപ്പിട്ടത്. ഇത്തരമൊരു ധാരണ ഒപ്പിടുന്ന വേളയില്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ഒപ്പം ഉണ്ടായിരുന്നില്ലെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. 2015 ഏപ്രിലില്‍ മോദി ഫ്രഞ്ച് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഗോവയിലെ പനാജിയില്‍ മൊബൈല്‍ മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോ വ്യോമസേനയിലെയോ എച്ച്.എ.എല്ലിലെ ഉദ്യോഗസ്ഥരോ ചടങ്ങില്‍ സംബന്ധിച്ചിരുന്നില്ല. അതേസമയം പ്രതിരോധ മേഖലയുമായി അത്രയധികം ബന്ധമൊന്നുമില്ലാത്ത അനില്‍ അംബാനിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
2015 മാര്‍ച്ച് മാസത്തില്‍ മാത്രം രൂപീകൃതമായ റിലയന്‍സ് എയ്‌റോസ്‌പേസിനാണ് പുറം പണി കരാര്‍ ലഭിച്ചത്. ഈ മേഖലയില്‍ പ്രത്യേകിച്ച് യാതൊരു മുന്‍ പരിചയവും ഇല്ലാത്ത കമ്പനിക്ക് ഏതാണ്ട് 20000 കോടി രൂപയുടെ കരാര്‍ ലഭിച്ചുവെന്നര്‍ത്ഥം. ഒപ്പം സര്‍ക്കാരിനുണ്ടായ വന്‍ സാമ്പത്തിക നഷ്ടം വേറെയും. ഉറപ്പുവരുത്താമെന്നു പറഞ്ഞ 20000 ത്തില്‍ അധികം പുതിയ ജോലികളെക്കുറിച്ചും വിവരമൊന്നുമില്ല. തീര്‍ച്ചയായും ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിനു തിരികൊളുത്തുമെന്ന് ഉറപ്പാണ്. ഇത്തരം വിഷയങ്ങളില്‍ ബി.ജെ.പിയുടെ ‘ധാര്‍മിക’ പ്രതിരോധമായിരുന്ന സുബ്രഹ്മണ്യം സ്വാമി കരാര്‍ അഴിമതി നിറഞ്ഞതാണെന്ന് പറയുകകൂടി ചെയ്തിരിക്കുന്നു.

chandrika: