ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ തലവേദനയാവുന്നു. ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടെ പുതിയ വഴിത്തിരിവിലായ റഫാല്‍ വിവാദത്തില്‍ പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ ഫ്രാന്‍സ് സന്ദര്‍ശനം റദ്ദാക്കി.
പ്രധാനമന്ത്രി കള്ളനാണ് തുടങ്ങി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പല ആരോപണങ്ങള്‍ക്കും മറുപടി നല്‍കാനാകതെ ബി.ജെ.പിയും കേന്ദ്ര മന്ത്രിമാരും മൗനം പാലിക്കുകയാണ്. ഇതിനിടയില്‍ നിര്‍മല സീതരാമന്റെ ഫ്രാന്‍സ് സന്ദര്‍ശനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലാണ് സന്ദര്‍ശനം റദ്ദാക്കാന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
റഫാല്‍ ഇടപാടിലൂടെ ഇന്ത്യന്‍ പ്രതിരോധ സേനക്കു മുകളില്‍ മോദിയും അനില്‍ അംബാനിയും ചേര്‍ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ മിന്നലാക്രമണമാണ് നടത്തിയതെന്നാണ്, ട്വിറ്റില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ രക്തത്തോടാണ് മോദി അനാദരവ് കാണിച്ചത്. ഇതിലൂടെ ഇന്ത്യയുടെ ആത്മാവിനെ ഒറ്റിക്കൊടുക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അദ്ദേഹത്തിന് ഇതില്‍ നാണമില്ലേ എന്നും രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നു.
നേരത്തെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനം രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. റഫാല്‍ മിനിസ്റ്റര്‍ എന്നായിരുന്നു രാഹുല്‍ നിര്‍മലാ സീതാരാമനെ വിശേഷിപ്പിച്ചിരുന്നചത്. രക്ഷാമന്ത്രി എന്നാണ് നിര്‍മലാ സീതാരാമനെ ബി.ജെ.പിക്കാര്‍ വിളിക്കുന്നത്. ആര്‍.എം എന്നാല്‍ റഫാല്‍ മിനിസ്റ്റര്‍ അങ്ങനെയേ ഞാന്‍ വിളിക്കൂവെന്നും രാഹുല്‍ ഒരിക്കല്‍ പറയുകണ്ടായി.
പൊതുതെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ കേന്ദ്രസര്‍ക്കാറിനെതിരെ റഫാല്‍ അഴിമതി ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. വരും ദിവസങ്ങളില്‍ വിഷയത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കും.