X

റഫാല്‍: മോദി രാജിവെക്കണം; ഹിന്ദു പരിഷത്ത് അധ്യക്ഷന്‍ തൊഗാഡിയ

കൊച്ചി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. കരാറുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മോദി പ്രധാനമന്ത്രി പദം രാജിവെക്കണമെന്നും ആരോപണമുണ്ടായപ്പോള്‍ കേന്ദ്രമന്ത്രി പദം ഒഴിഞ്ഞ അഡ്വാനിയെ പിന്തുടരണമെന്നും തൊഗാഡിയ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. ഒരാഴ്ച മുമ്പുമാത്രം രൂപവത്കരിച്ച കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. എന്തുകൊണ്ട് സര്‍ക്കാര്‍ പ്രത്യേക കമ്പനിയെ മാത്രം പിന്തുണച്ചെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്ര മോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചു. രാമക്ഷേത്രം നിര്‍മിക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. രാജ്യത്ത് 24 ലക്ഷം ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. രാമക്ഷേത്ര ആവശ്യമുയര്‍ത്തി ഒക്ടോബറില്‍ അയോധ്യ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് മുന്‍ അധ്യക്ഷന്‍കൂടിയായ തൊഗാഡിയ പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കില്ല. ഉത്തര്‍പ്രദേശിലടക്കം ഭൂരിപക്ഷം സംസ്ഥാനത്തും ബി.ജെ.പി ഭരണത്തിലുണ്ടായിട്ടും ക്ഷേത്രം നിര്‍മിക്കുന്നില്ല. അധികാരമേറി നാലുവര്‍ഷമായിട്ടും അയോധ്യ സന്ദര്‍ശിക്കാന്‍പോലും മോദി തയാറായിട്ടില്ല. ഇത് ഹൈന്ദവരോടുള്ള വഞ്ചനയാണെന്ന് തൊഗാഡിയ പറഞ്ഞു.

chandrika: